ഇന്ത്യന്‍ ബാലികയുടെ പേരില്‍ നിയമം, ഓസ്‌ട്രേലിയന്‍ നിയമചരിത്രത്തില്‍ ആദ്യം

സിഡ്‌നി: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ ബാലികയുടെ പേരില്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ നിയമമാകുന്നതിനു വേണ്ടി ഒരു ബില്‍ അവതരിപ്പിച്ചിരിക്കുന്നു. ആ നിയമത്തിന്റെ പേരു തന്നെ ഫെയര്‍ വര്‍ക്ക് അമന്‍ഡ്‌മെന്റ് (ബേബി പ്രിയ) ബില്‍ 2025 എന്ന്. അധികം വൈകാതെ ഈ ബില്‍ നിയമമായി വരുമ്പോഴും ഇതിന്റെ പേരില്‍ ഇനി മാറ്റമുണ്ടാകില്ല. അങ്ങനെ ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായി നിയമപുസ്തകങ്ങളില്‍ പോലും ഇന്ത്യന്‍ ബാലികയുടെ പേര് ഓര്‍മിച്ചുകൊണ്ടേയിരിക്കും.

ഓസ്‌ട്രേലിയയിലെ ഫെയര്‍ വര്‍ക്ക് നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ മറന്നു പോയൊരു വകുപ്പ് കൂട്ടിച്ചേര്‍ക്കുകയാണ് ഈ ബില്‍ നിയമമാകുന്നതോടെ ചെയ്യാന്‍ പോകുന്നത്. ഒരു കുഞ്ഞ് ചാപിള്ളയായി ജനിക്കുകയോ ജനനത്തിനു ശേഷം ഉടനെ മരിക്കുകയോ ചെയ്യുകയാണെങ്കില്‍ കൂടി ശമ്പളത്തോടു കൂടിയ പേരന്റല്‍ ലീവിന് കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് ഇനി മേല്‍ അര്‍ഹതയുണ്ടായിരിക്കും. കുഞ്ഞ് ജീവനോടെയില്ല എന്നതിന്റെ പേരില്‍ ഒരു സ്ഥാപനത്തിനും ഈ ലീവ് നിഷേധിക്കാന്‍ സാധിക്കില്ല. 2022ല്‍ മാത്രം ഓസ്‌ട്രേലിയയില്‍ മൂവായിരത്തിലധികം അമ്മമാര്‍ക്ക് പ്രസവത്തോടെ കുഞ്ഞിനെ നഷ്ടപ്പെട്ടത്.

ഈ ബില്ലിനു പിന്നില്‍ ഒരു ഇന്ത്യന്‍ അമ്മയുടെ ദുരനുഭവമാണുള്ളത്. മാസമെത്തുന്നതിനു മുമ്പ്, ഇരുപത്തിനാല് ആഴ്ചയും ആറു ദിവസവും മാത്രം പ്രായത്തില്‍ ജനിച്ച കുഞ്ഞായിരുന്നു പ്രിയ. ജനനശേഷം ഏതാനും ദിവസങ്ങള്‍ക്കുള്‌ളില്‍ കുഞ്ഞ് മരിക്കുകയും ചെയ്തു. ഇതോടെ പ്രിയയുടെ അമ്മയ്ക്ക്് പേരന്റല്‍ ലീവ് നഷ്ടമായി. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഉത്തരവ് എത്തുകയും ചെയ്തു. ഇതില്‍ നേരിട്ട ബുദ്ധിമുട്ടുകളാണ് ഇവരെ പരാതിയുമായി പോകാന്‍ പ്രേരിപ്പിക്കുന്നത്. ഇക്കാര്യം അറ്ിഞ്ഞ ലേബര്‍ ഗവണ്‍െമെന്റ് ഇങ്ങനെയൊരു നിയമനിര്‍മാണത്തിനു തയാറാകുകയായിരുന്നു.