ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത ഐ20 കാര്‍. ഇതില്‍ എത്രയാള്‍ക്കാരുണ്ടായിരുന്നെന്ന് അറിവായിട്ടില്ല. ഒന്നിലധികം ആള്‍ക്കാരുണ്ടായിരുന്നതായി പറയുന്ന ദൃക്‌സാക്ഷികളുണ്ട്. പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലേക്കും കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. വളരെ സാവകാശം മുന്നോട്ടു നീങ്ങി വന്ന കാര്‍ നിര്‍ത്തിയതിനൊപ്പം പൊട്ടിത്തെറിക്കുകയുമായിരുന്നെന്നു പറയുന്നു.
ഹരിയാനയിലെ ഫരീദാബാദില്‍ 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍, രണ്ടു തോക്കുകള്‍, മറ്റു വെടിക്കോപ്പുകള്‍ തുടങ്ങിയവ കാശ്മീര്‍ പോലീസ് പിടിച്ചെടുക്കുകയും രണ്ടു പേരെ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യുകയും ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് ഡല്‍ഹിയില്‍ സ്‌ഫോടനമുണ്ടാകുന്നത്. സ്‌ഫോടനത്തിന് ഇടയാക്കിയ കാറും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഹരിയാനയില്‍ തന്നെയാണ്. എന്നു മാത്രമല്ല ഫരീദാബാദില്‍ വെടിക്കോപ്പുകളും തോക്കുകളും സൂക്ഷിച്ചിരുന്നതും ഒരു കാറിനുള്ളില്‍ തന്നെയായിരുന്നു.
കാറിന്റെ ആദ്യ ഉടമ മുഹമ്മദ് സല്‍മാന്‍ എന്നയൊരാളായിരുന്നെന്നും പിന്നീട് നദീം എന്നയാള്‍ക്ക് കാര്‍ വില്‍പന നടത്തിയെന്നും എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് മുഹമ്മദ് സല്‍മാനെ പോലീസ് പിടികൂടിയിട്ടുണ്ട്.

