ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ എഐ സാങ്കേതിക വിദ്യയുപയോഗിച്ച് പുനര്‍നിര്‍മിക്കുകയും അതുപയോഗിച്ച് വീഡിയോ നിര്‍മിച്ച് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസിനെതിരേ കേസ്. വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നു കാണിച്ച് ബിജെപി പ്രവര്‍ത്തകനായ സങ്കേത് ഗുപ്ത നല്‍കിയ പരാതിയിന്‍മേല്‍ ഡല്‍ഹി നോര്‍ത്ത് അവന്യൂ പോലിസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വോട്ടിനു വേണ്ടി തന്നെ ഉപയോഗിക്കരുതെന്ന് അമ്മ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് നരേന്ദ്ര മോദിയോട് അമ്മ പറയുന്നതായാണ് വീഡിയോ. ഈ അ്മ്മ കഥാപാത്രം മോദിയെ ശാസിക്കുമ്പോള്‍ സ്വപ്‌നത്തില്‍ നിന്നു മോദി ഞെട്ടിയെഴുന്നേല്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിലൂടെ മോദിയെയും അമ്മയെയും കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാല്‍ വീഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും ഇതില്‍ പ്രധാനമന്ത്രിയെയോ പ്രധാനമന്ത്രിയുടെ അമ്മയെയോ അപമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു.
ബീഹാറില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്രയില്‍ തന്നെയും തന്റെ അമ്മയെയും കോണ്‍ഗ്രസ് അധിക്ഷേപിച്ചതായി നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോ വിവാദം വരുന്നത്.
എഐ വീഡിയോയിലൂടെ കോണ്‍ഗ്‌സ് മോദിയുടെ അമ്മയെ അപമാനിച്ചു, കേസെടുത്തു
