സിഡ്‌നി: ഓസ്‌ട്രേലിയ അതിവേഗം ഡിജിറ്റല്‍ ബാങ്കിങ്ങിലേക്കു തിരിയുന്നു, അതിനൊപ്പം ബാങ്കുകള്‍ ശാഖകളും എടിഎമ്മുകളും അടച്ചുപൂട്ടുകയും ചെയ്യുന്നു. കറന്‍സി നോട്ടുകളില്‍ നിന്നു ഡിജിറ്റല്‍ ബാങ്കിങ്ങിലേക്കു തിരിയുന്നതിനെയാണ് ഗവണ്‍മെന്റും പ്രോത്സാഹിപ്പിക്കുന്നത്. കഴിഞ്ഞ ജൂണ്‍ വരെയുള്ള പന്ത്രണ്ട് മാസക്കാലത്തിനിടയില്‍ രാജ്യത്താകെ 155 ബാങ്ക് ശാഖകള്‍ക്കാണ് താഴു വീണിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പൂട്ടിപ്പോയ ശാഖകളുടെ എണ്ണം 1500. ഇതേ കാലയളവില്‍ പൂട്ടിപ്പോയിരിക്കുന്ന എടിഎമ്മുകളുടെ എണ്ണം 4500 ആണ്. ഓസ്‌ട്രേലിയന്‍ പ്രൂഡന്‍ഷ്യല്‍ റഗുലേഷന്‍ അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ബാങ്കായ കോമണ്‍വെല്‍ത്ത് ബാങ്ക് കഴിഞ്ഞ ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ 49 ശാഖകളാണ് അടച്ചു പൂട്ടിയത്. വെസ്റ്റ് പാക് 25 ശാഖകളും എന്‍എബി മൂന്നു ശാഖകളും എഎന്‍സെഡ് 21 ശാഖകളും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പൂട്ടി. സാധാരണ ജനങ്ങള്‍ പോലും ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകളിലേക്കു തിരിയുന്നതുകൊണ്ടാണ് ശാഖകള്‍ ഇത്ര കൂടിയ തോതില്‍ പൂട്ടിപ്പോകുന്നതെന്ന് കാന്‍സ്റ്റാര്‍ ഡാറ്റ ഇന്‍സൈറ്റ്‌സ് ഡയറക്ടര്‍ സാലി ടിന്‍ഡാല്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വിവിധ ബാങ്കുകള്‍ അടച്ചു പൂട്ടിയ 126 ശാഖകളില്‍ ഭൂരിഭാഗവും നഗര മേഖലകളില്‍ തന്നെയായിരുന്നതായി അദ്ദേഹം പറയുന്നു. ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ വളര്‍ച്ചയുടെ ഏറ്റവും വലിയ അടയാളമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

