കോഴിക്കോട്: ഇനി തറപ്പിച്ചു പറയാം, മെസി ചതിച്ചാശാനേ. വരും, വരില്ല, വരാതിരിക്കില്ല, തീര്‍ച്ചയായും വരും എന്നിങ്ങനെ സന്ദേഹിച്ചും ഉറപ്പിച്ചുമൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ക്കൊടുവില്‍ ഒരു കാര്യം തീര്‍ച്ചയായി, പവനായി ശവമായി. മെസി കേരളത്തിലേക്കില്ല. നവംബറില്‍ വരുമെന്ന സ്പോണ്‍സറുടെയും കേരള ഗവണ്‍മെന്റിന്റെയുമൊക്കെ പ്രഖ്യാപനം ചുമ്മാതെ.
അര്‍ജന്റീന ടീം നവംബറില്‍ കേരളത്തില്‍ എത്തില്ലെന്ന കാര്യം അവസാനം ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത് മത്സരത്തിന്റെ സ്പോണ്സര് കൂടിയായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്പ്പറേഷന് തന്നെയാണ്. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം കാരണം നവംബര്‍ വിന്‍ഡോയിലെ സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് തിരുമാനിച്ചുവെന്നാണ് സ്പോണ്സര് സമൂഹ മാധ്യമം മുഖേന അറിയിച്ചിരിക്കുന്നത്. അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നാണ് ഇതിനൊപ്പം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അതിനും സാധ്യത കുറവാണെന്നാണ് അറിയുന്നത്.
നവംബര്‍ പതിനേഴിന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു ഇതുവരെ സ്പോണ്സര് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. അതിനായി കൊച്ചിയില്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങളും തുടങ്ങിയിരുന്നു. നേരത്തെ ലുവാണ്ടയില്‍ അംഗോളയ്ക്കെതിരായ അര്‍ജന്റീനയുടെ മത്സരത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണം വന്നപ്പോഴും കൊച്ചിയുടെ കാര്യത്തില്‍ അതുണ്ടായില്ല. ഇതിനിടെ അര്‍ജന്റീനയുമായി നേരിട്ടു ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശനം നടന്നേക്കില്ലെന്ന വിവരം ലഭിച്ചിരുന്നതാണ്. അപ്പോഴും ആ വാര്‍ത്ത സ്പോണ്സര് നിഷേധിക്കുകയായിരുന്നു.

