സിനിമ നടന്‍ കലാഭവന്‍ നവാസ് ഹോട്ടലില്‍ മരിച്ച നിലയില്‍

കൊച്ചി: ചലച്ചിത്ര നടനായും മിമിക്രി കലാകാരനായും പേരെടുത്ത കലാഭവന്‍ നവാസിന് ദാരുണാന്ത്യം. ചലച്ചിത്ര പ്രവര്‍ത്തനത്തിനായി ഏതാനും ദിവസങ്ങളായി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
കഴിഞ്ഞ രണ്ടാഴ്ചയോളമായി ഷൂട്ടിങ്ങിന്റെ ഭാഗമായി സിനിമ പ്രവര്‍ത്തകരുടെ സംഘം ഈ ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു. പായ്ക്കപ്പ് ആയതിനെ തുടര്‍ന്ന് മറ്റു താരങ്ങള്‍ ഇന്നലെ മുറികളൊഴിഞ്ഞു പോകുകയും ചെയ്തു. നവാസിനെ മാത്രം പുറത്തേക്കു കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ രാത്രിയില്‍ മുറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.
അമ്പത്തൊന്നുകാരനായ നവാസ് വടക്കാഞ്ചേരി സ്വദേശിയും അന്തരിച്ച നടന്‍ അബുബക്കറിന്റെ പുത്രനുമാണ്. ചലച്ചിത്ര പ്രവര്‍ത്തക തന്നെയായ രഹ്നയാണ് ഭാര്യ. നഹ്‌റിന്‍, റിഹാന്‍, റിദ്വാന്‍ എന്നിവര്‍ മക്കളാണ്. ഇരുപതു വര്‍ഷം മുമ്പ് ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് മിമിക്രി മേഖലയില്‍ നിന്നു സിനിമയിലെത്തുന്നത്. പിന്നീട് ഹിറ്റലര്‍ ബ്രദേഴ്‌സ്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഡിറ്റക്ടിവ് ഉജ്വലനാണ് അവസാന ചിത്രം.