ഫിജിയിലെ ക്ഷേത്രത്തില്‍ വിഗ്രഹമോഷണം, നഷ്ടപ്പെട്ടത് ഹനുമാന്റെ വിഗ്രഹം

ബാ (ഫിജി): എഴുപതു വര്‍ഷത്തിലേറെ പഴക്കമുള്ള ഹനുമാന്‍ വിഗ്രഹം ഫിജിയിലെ ക്ഷേത്രത്തില്‍ നിന്നു മോഷണം പോയി. ബാ യിലെ വൈലൈലൈ കുടിയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹമാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രത്തിലെ അസിസ്റ്റന്റ് ട്രഷറര്‍ രാവിലെ എത്തിച്ചേര്‍ന്നപ്പോഴാണ് വിഗ്രഹം കാണാനില്ലെന്ന കാര്യം അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ പരാതി സമര്‍പ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ തറയില്‍ സിമന്റിട്ട് ഉറപ്പിച്ചിരുന്ന വിഗ്രഹത്തിന് 35 സെന്റിമീറ്ററായിരുന്നു ഉയരം. രാത്രിയിലാണ് മോഷണം നടന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഫിജിയിലെ ഇന്ത്യന്‍ സമൂഹത്തിന് അങ്ങേയറ്റം വേദനാജനകമായ കാര്യമാണ് വിഗ്രഹമോഷണമെന്ന് ശ്രീ സനാതന്‍ ധര്‍മ പ്രതിഷ്ഠാന്‍ സഭ പ്രസിഡന്റ് ധീരേന്ദ്ര നന്ദ് പ്രതികരിച്ചു. പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും അതിനു സമാന്തരമായി സഭ സ്വന്തം നിലയിലും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. പോലീസ് ക്ഷേത്രത്തിലെ സിസിടിവി കാമറയിലെ ഫുട്ടേജുകള്‍ പരിശോധിക്കുകയാണ്.
രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരേ മതനിന്ദാപരമായ ആക്രമണങ്ങള്‍ കുറേ നാളുകളായി തുടരുകയാണെന്ന് ആക്ഷേപമുണ്ട്. സുവയിലെ സമാബുലയിലെ ശിവക്ഷേത്രം കഴിഞ്ഞ മാസം ആരോ അലങ്കോലപ്പെടുത്തുകയുണ്ടായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിഷ്ഠകളാണ് അന്നു തകര്‍ക്കപ്പെട്ടത്. കഴിഞ്ഞ ഏപ്രിലില്‍ വുനിസുയിസുയിയിലെ ശിവക്ഷേത്രത്തില്‍ ആരോ രാമായണത്തിന്റെ താളുകള്‍ കീറി വിതറുകയുമുണ്ടായി. ഇതിനെല്ലാം പിന്നില്‍ സംഘടിതമായ ഗൂഢാലോചന നടക്കുന്നതായി ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു.