ബ്യൂനസ് ഐറിസ്: കാലന്‍ മരുന്നിന്റെ രൂപത്തില്‍ വരുന്നതിന്റെ കഥയാണ് ഇന്നലെ അര്‍ജന്റീനയില്‍ നിന്നു വാര്‍ത്തകളില്‍ വന്നത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നില്‍ ബാക്ടീരിയകള്‍ കൂട്ടത്തോടെ വന്നപ്പോള്‍ പ്രാണന്‍ പോയത് 96 പേര്‍ക്ക്. ലോകം മുഴുവന്‍ വ്യാപകമായി വേദന സംഹാരിയായി ഉപയോഗിക്കുന്ന മെഡിക്കല്‍ ഫെന്റനില്‍ എന്ന മരുന്നിലാണ് ബാക്ടീരിയ ബാധ സ്ഥിരീകരിച്ചത്. ബ്യൂണസ് ഐറിസ്, സാന്റാ ഫേ, കൊര്‍ഡോബ തുടങ്ങിയ നഗരങ്ങളിലെ ആശുപത്രികളിലാണ് മരണം ഏറെയും സംഭവിച്ചത്. ഏതാനും ബാച്ച് മരുന്നുകളില്‍ മാത്രമാണ് ബാക്ടീരിയ ബാധയുണ്ടായതെന്നാണിതില്‍ നിന്നു വ്യക്തമാകുന്നത്.
അതീവ ശക്തിയുള്ള രണ്ടിനം ബാക്ടീരിയകളാണ് മരുന്നിലൂടെ രോഗിയിലെത്തിയതെന്ന കാര്യമാണ് ഏറെ നടുക്കമുണ്ടാക്കുന്നത്. ഇവയെ തളയ്ക്കാന്‍ നിലവിലുള്ള മിക്ക ആന്റി ബയോട്ടിക്കുകള്‍ക്കും കഴിയുക പോലുമില്ല. മരണകാരണമായി മാറിയ ഫെന്റനില്‍ എന്ന മരുന്നുണ്ടാക്കിയ എച്ച്എല്‍ബി ഫാര്‍മ തങ്ങളുടെ മരുന്നില്‍ ബാക്ടീരിയ ഉണ്ടായിരുന്നെന്ന വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. അതേസമയം രണ്ട് ബാച്ച് മരുന്ന് പൂര്‍ണമായും മാര്‍ക്കറ്റില്‍ നിന്നു പിന്‍വലിക്കുകയും ചെയ്തു.
മരുന്നുകുപ്പിയില്‍ കാലന്റെ എഴുന്നളളത്ത്, അര്‍ജന്റീനയില്‍ സംഭവിച്ചത്
