കഴിഞ്ഞ വര്‍ഷം പോയത് 25,000 പേര്‍
രാജ്യത്തെ മുൻനിര ഐടി കമ്പനികളിൽ സ്ത്രീ ജീവനക്കാരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എൽടിഐ മൈൻഡ്ട്രീ, എച്ച്സിഎൽ ടെക് തുടങ്ങിയ കമ്പനികളിലെ സ്ത്രീ ജീവനക്കാരുടെ എണ്ണത്തിലാണ് ഗണ്യമായ കുറവുണ്ടായത്. 2023 -24 സാമ്പത്തിക വർഷത്തിൽ മാത്രം 25,000 സ്ത്രീ ജീവനക്കാരാണ് കുറഞ്ഞത്. സ്റ്റാഫിങ് സ്ഥാപനമായ എക്സ്ഫെനോയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കോവിഡ് -19ന്റെ തുടക്ക സമയത്ത് ഐടി മേഖല തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരുന്നു.
എന്നാൽ അതിൽ വലിയ ഇടിവാണ് നിലവിൽ സംഭവിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020 മാർച്ച് മുതൽ 2023 മാർച്ച് വരെ ഐടി കമ്പനികളിലെ സ്ത്രീകളുടെ എണ്ണം 3,74,000 ൽ നിന്നും 5,40,000 ആയി വർധിച്ചിരുന്നു. എന്നാൽ 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ സ്ത്രീകളുടെ എണ്ണം 5,15,000 ആയി കുറഞ്ഞു. കണക്കുകൾ അനുസരിച്ച് 2020 നും 2024 നുമിടയിൽ മൊത്തം സ്ത്രീ ജീവനക്കാരുടെ എണ്ണം 1,41,000 ആയി (38%) വർധിച്ചിരുന്നു എന്നാൽ ലിംഗ അനുപാതം 0.9 ശതമാനം മാത്രമേ വർധിച്ചിരുന്നുള്ളൂ. കോവിഡ് – 19 ന് മുൻപുള്ള വർഷങ്ങളിൽ (2018-2020) സ്ത്രീ ജീവനക്കാരുടെ എണ്ണത്തിൽ 1.56 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ ലിംഗ അനുപാതം 34.32 ശതമാനം വരെ എത്തിയിരുന്നു. എന്നാൽ അത് 34.26 ശതമാനമായി കുറഞ്ഞതായാണ് കണ്ടെത്തൽ. പ്രമുഖ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ സൊല്യൂഷൻസ് കമ്പനിയായ അവതാർ ഗ്രൂപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ നേതൃസ്ഥാനത്തേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. കമ്പനികളിലെ താഴ്ന്ന തസ്തികളിൽ 35 ശതമാനം ലിംഗ അനുപാതം നില നിൽക്കുമ്പോൾ കമ്പനികളുടെ മുകൾതട്ടിൽ 17 ശതമാനമാണ് ലിംഗ അനുപാതം.