സിഡ്നി: ജനവാസ മേഖലകള്‍ക്കു പുറത്തുള്ള അണ്സൈന്ഡ് റോഡുകളിലെ വാഹനഗതാഗതത്തിന് അനുവദനീയമായ വേഗതയില്‍ കുറവു വരുത്തുന്ന കാര്യം ഫെഡറല്‍ ഗവണ്മെന്റിന്റെ പരിഗണനയില്‍. ഇത്തരം റോഡുകളില്‍ അടുത്തകാലത്തായി അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഗവണ്മെന്റ് ഇങ്ങനെയൊരു ആലോചനയിലേക്ക് കടന്നിരിക്കുന്നത്. റോഡ് സേഫ്റ്റി ഗ്രൂപ്പുകളും ഇതേ പരിഹാരം തന്നെയാണ് നിര്‍ദേശിക്കുന്നത്.
ഇതു സംബന്ധിച്ച് പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ക്ഷണിച്ചിരിക്കുകയാണിപ്പോള്‍. അഭിപ്രായ ശേഖരണം ഈ മാസം 27ന് അവസാനിപ്പിക്കാനാണ് തീരുമാനം. ഇത്തരം നിരത്തുകളില്‍ മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ എന്ന വേഗപരിധിയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. നാഷണല്‍ റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനില്‍ നിര്‍ദേശിക്കുന്നതാകട്ടെ ഇത്തരം റോഡുകളില്‍ 70 കിലോമീറ്ററിനും 90 കിലോമീറ്ററിനും മധ്യേയുള്ള വേഗത മാത്രം അനുവദിക്കാമെന്നാണ്. എന്നാല്‍ അതിനു പകരം നൂറു കിലോമീറ്റര്‍ എന്ന പരിധി പ്രഖ്യാപിക്കുന്ന കാര്യമാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.
പ്രധാന നിരത്തുകളും ഹൈവേകളും ഈ വേഗ പരിധിയില്‍ വരില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കാരണം അത്തരം റോഡുകളില്‍ അനുവദനീയമായ വേഗ പരിധി എല്ലായിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ വേഗപരിധി രേഖപ്പെടുത്താത്ത റോഡുകളെയാണ് അണ്സൈന്ഡ് റോഡ് എന്നു വിളിക്കുന്നത്. ഓസ്ട്രേലിയയില്‍ 8.6 ലക്ഷം അണ്സൈന്ഡ് റോഡുകളാണ് നിലവിലുള്ളതെന്നു കണക്കാക്കുന്നു.

