വാഷിങ്ടന്‍: അമേരിക്കയിലെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ എഫ്ബിഐയുടെ ഡയറക്ടറായി ഇന്ത്യന്‍ വംശജനായ കാഷ് പട്ടേല്‍ കയറിയതു മുതല്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല. അത്യാവശ്യം നൈറ്റ് ക്ലബ്ബ് ജീവിതവും ചുറ്റിക്കളിയുമൊക്കെയുള്ള പട്ടേലിന് വിനയായിരിക്കുന്നതും അതൊക്കെ തന്നെയാണ്. വിവാദങ്ങളില്‍ ഏറ്റവും അവസാനത്തേത് കാമുകിയുടെ സംഗീത പരിപാടി കാണുന്നതില്‍ സര്‍ക്കാര്‍ വിമാനം ഉപയോഗിച്ചതാണ്. നാഷ്‌വില്ലെയില്‍ ഒരു ഗുസ്തി പരിപാടിക്കിടെയായിരുന്നു കാമുകിയുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നത്.
അതിനായി പട്ടേല്‍ അങ്ങോട്ടു പറന്നതും തിരികെ പറന്നതും കാമുകിയെ വീട്ടില്‍ കൊണ്ടുപോയി ആക്കിയതുമെല്ലാം ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സര്‍ക്കാര്‍ വിമാനത്തില്‍. എഫ്ബിഐയിലെ തന്നെ മുന്‍ ഉദ്യോഗസ്ഥന്‍ വിവരമറിഞ്ഞതും ഒരു പോഡ്കാസ്റ്റ് വഴി എല്ലാവരെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. പത്രക്കാര്‍ ഇതിന്റെ പിന്നാലെയായി അേേന്വഷണം. വിമാനത്തിന്റെ യാത്രാവിവരങ്ങള്‍ അവര്‍ ചികഞ്ഞെടുത്തു. വിര്‍ജീനിയയിലെ റീജണല്‍ വിമാനത്താവളത്തില്‍ നിന്ന് അന്നേ ദിവസം വിമാനം പറന്നുയര്‍ന്നിട്ടുണ്ട്. ഗുസ്തി പരിപാടി നടക്കുന്ന കോളജിനടുത്തുള്ള പെന്‍സില്‍വാനിയയില്‍ വിമാനം ഇറങ്ങിയിട്ടുമുണ്ട്. രണ്ടര ദിവസം അതേ വിമാനം കാമുകിയുടെ വീടുള്ള ടെന്നസിയിലേക്ക് പറന്നിട്ടുമുണ്ട്. അവിടെ നിന്ന് തിരികെ പുറപ്പെട്ടിടത്തേക്ക് മടങ്ങിയിട്ടുമുണ്ട്. ഇത്രയും കാര്യങ്ങള്‍ സത്യമാണെങ്കിലും ആ വിമാനത്തില്‍ കാഷ് പട്ടേല്‍ ഉണ്ടായിരുന്നോ എന്ന കാര്യമാണ് ഇനിയും പത്രക്കാര്‍ കണ്ടെത്താനുള്ളത്.
സുരക്ഷാ കാരണങ്ങളാല്‍ എഫ്ബിഐ ഡയറക്ടര്‍ക്ക് സ്വകാര്യ യാത്രകള്‍ക്കു പോലും സര്‍ക്കാര്‍ വിമാനം ഉപയോഗിക്കാം. എന്നാല്‍ അതിന്റെ ചെലവ് വാണിജ്യ നിരക്കില്‍ തിരികെ അടയ്‌ക്കേണ്ടതുണ്ട്. അതുകൊണ്ട് പണം നല്‍കിയാല്‍ കാഷ് പട്ടേലിനു തലയൂരാനാകും. പക്ഷേ പേരുദോഷം അത്രവേഗം പോകില്ലല്ലോ.

