കൂലിയും പാസും മത്സരിക്കുമ്പോള്‍ കൂലി മുന്നിലെങ്കിലും പാസ് നാണം കെട്ടില്ല, കച്ചവടം 150 കോടി

ന്യൂഡല്‍ഹി: കഴിഞ്ഞ വെള്ളിയാഴ്ചയാണ് രജനീകാന്തിനെ നായകനാക്കിയുള്ള ലോകേഷ് പടം കൂലി പുറത്തിറങ്ങിയത്. അതേ ദിവസം തന്നെയാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം വാര്‍ഷിക ടോള്‍ പ്ലാസുകള്‍ പ്രഖ്യാപിക്കുന്നത്. വാരിക്കൂട്ടുന്ന കളക്ഷനില്‍ കൂലിയും പാസും തമ്മിലാണ് മത്സരമെന്ന പോലെയാണ് കാര്യങ്ങളുടെ പോക്ക്. കൂലി ഇതുവരെ കളക്ട് ചെയ്തത് 400 കോടിയെങ്കില്‍ അധികം പിന്നിലല്ലാതെ പാസുമുണ്ട്. മൊത്തം കളക്ഷന്‍ 150 കോടി രൂപ.
ടോളില്ലാത്ത ജീവിതം ജനങ്ങള്‍ക്കു ചിന്തിക്കാന്‍ വയ്യാതായി എന്നതിന്റെ സൂചനയാണിതു കാണിക്കുന്നത്. നാലു ദിവസം കൊണ്ട് അഞ്ചു ലക്ഷം വാര്‍ഷിക ടോളുകളാണ് ജനം വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഒരു വര്‍ഷം മുഴുവന്‍ വാലിഡിറ്റിയുള്ളതാണീ പാസുകള്‍ അതായത് ഒരിക്കല്‍ എടുത്തുകഴിഞ്ഞാല്‍ പിന്നെ ഒരു വര്‍ഷത്തേക്ക് ടോള്‍പ്ലാസകളില്‍ രാജ്യത്തൊരിടത്തും കാത്തു കിടക്കേണ്ടി വരില്ല. നേരേ വണ്ടിയോടിച്ചങ്ങു പോകാം.
ഏറ്റവും കൂടുതല്‍ പാസുകള്‍ വിറ്റുപോയിരിക്കുന്നത് തമിഴ്‌നാട്ടിലാണ്. രണ്ടാം സ്ഥാനത്തു വരുന്നതും തെക്കേ ഇന്ത്യന്‍ സംസ്ഥാനമാണ്-കര്‍ണാടക. മൂന്നാം സ്ഥാനത്തും തെക്കേ ഇന്ത്യ തന്നെ-ആന്ധ്രപ്രദേശ്. വടക്കേ ഇന്ത്യക്കാരെക്കാള്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് തെക്കേ ഇന്ത്യക്കാരാണോ എന്ന ചോദ്യവും ഈ കച്ചവടക്കണക്കുകള്‍ ഉയര്‍ത്തുന്നു.