വെള്ളരിക്കുണ്ടില്‍ നിന്നു തലസ്ഥാനങ്ങളിലേക്ക്, കര്‍ഷക സ്വരാജ് സത്യാഗ്രഹം അടുത്ത ഘട്ടത്തിലേക്ക്

കാസര്‍കോട്: വന്യമൃഗശല്യത്തിനെതിരേ കര്‍ഷകരുടെയും കാര്‍ഷിക കേരളത്തോട് ഐക്യപ്പെടുന്നവരുടെയും ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ ആരംഭിച്ച കര്‍ഷക സ്വരാജ് സത്യാഗ്രഹം രാജ്യ തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനാണ് വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ മലയോര മേഖലയില്‍ ഉള്‍പ്പെടുന്ന കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ ഗാന്ധിജയന്തി വരെ നീളുന്ന സത്യാഗ്രഹം ആരംഭിച്ചത്. സമരത്തിന്റെ അടുത്ത പടിയായി ന്യൂഡല്‍ഹിയിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുകയാണെന്ന് കര്‍ഷക സ്വരാജ് സമരസമിതി കണ്‍വീനര്‍ സണ്ണി പൈകട അറിയിച്ചു.

കേരളത്തിലെ മുഴുവന്‍ മലയോര മേഖലകളിലും വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയ ശേഷമായിരുന്നു വെള്ളരിക്കുണ്ടില്‍ സത്യാഗ്രഹം ആരംഭിക്കുന്നത്. കര്‍ഷകര്‍ക്കും വന്യമൃഗങ്ങള്‍ക്കും ഒരു പോലെ ജീവിക്കുന്നതിനുള്ള അവകാശം ഊന്നിപ്പറയുന്ന പഠനത്തിന്റെ വെളിച്ചത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. സംസ്ഥാത്തെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇതു സംബന്ധിച്ച പഠനത്തിന്റെ റിപ്പോര്‍ട്ട് സമരത്തിനു മുമ്പു തന്നെ കൈമാറുകയും ചെയ്തിരുന്നതാണ്. കഴിഞ്ഞ മെയ് അവസാന വാരം വെള്ളരിക്കുണ്ടില്‍ 48 മണിക്കൂര്‍ ഉപവാസപരിപാടി സംഘടിപ്പിച്ച് അതിനൊടുവിലാണ് അനിശ്ചികാല സത്യാഗ്രഹമാരംഭിക്കുന്ന തിയതി പ്രഖ്യാപിച്ചത്. തിയതി പ്രഖ്യാപനത്തിനു ശേഷവും രണ്ടര മാസം വിവിധ തയ്യാറെടുപ്പുകള്‍ക്കും പ്രചരണങ്ങള്‍ക്കുമായി നീക്കിവച്ച ശേഷമാണ് ആഗസ്റ്റ് 15 ന് അനിശ്ചിതകാല സായാഹ്ന സത്യാഗ്രഹമാരംഭിച്ചിരിക്കുന്നത്. ഇത്രയും നീണ്ട തയ്യാറെടുപ്പുകള്‍ നടത്തി തികച്ചും ജനകീയമായി ഒരു സമരത്തിന് തുടക്കം കുറിച്ച ചരിത്രം സമീപകാലത്തെങ്ങും കേരളത്തിലില്ല.

സമരം ഒന്നര മാസം പിന്നിട്ടപ്പോള്‍ സെപ്റ്റംബര്‍ 26 ന് സംസ്ഥാന തലത്തില്‍ ഒരു ഐക്യദാര്‍ഡ്യ കണ്‍വന്‍ഷനും പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കപ്പെട്ടു. അടുത്ത പടിയായി വനം വ്ന്യജീവി വിഷയത്തില്‍ കേന്ദ്രഗവണ്‍മെന്റ് ഇടപെടേണ്ട മേഖലകളില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് സമരം വ്യാപിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് സമര സമിതി. അതിനൊപ്പം സംസ്ഥാന വ്യാപകമായി കര്‍ഷക കേന്ദ്രങ്ങളിലൂടെ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വാഹനജാഥയും നടത്തുമെന്ന് സണ്ണി പൈകട അറിയിച്ചു. നവംബര്‍ ഏഴിനാണ് വാഹന ജാഥയുടെ ഉദ്ഘാടനം. നവംബര്‍ പതിനഞ്ചിന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിക്കുകയും തുടര്‍ന്ന് നൂറു മണിക്കൂര്‍ ഉപവാസ സമരവും നടത്തും. ഡല്‍ഹി പോലീസിന്റെ അനുമതി കിട്ടുന്ന മുറയ്ക്കായിരിക്കും ഡല്‍ഹിയിലെ സമരപരിപാടികളെന്നും സണ്ണി അറിയിച്ചു.