പ്രശസ്ത ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ പത്രാധിപയും കോളമിസ്റ്റുമായ നീന ബധ്വാര്‍ അന്തരിച്ചു

മെല്‍ബണ്‍: ദി ഇന്ത്യന്‍ ഡൗണ്‍ അണ്ടര്‍ എന്ന പ്രഥമ ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ ദിനപത്രത്തിന്റെ സ്ഥാപക എഡിറ്ററും കോളമിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ നീന ബധ്വാര്‍ നിര്യതയായി. 1987ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഇന്ത്യ ഡൗണ്‍ അണ്ടറില്‍ ദീര്‍ഘകാലം പത്രാധിപരായിരുന്നു നീന.

നീനയുടെ പത്രാധിപത്യത്തിന്‍ കീഴിലാണ് ദി ഇന്ത്യന്‍ ഡൗണ്‍ അണ്ടര്‍ വിവിധ ഇന്ത്യന്‍ സമൂഹങ്ങളെ കോര്‍ത്തിണക്കുന്ന ശക്തിയായി വളര്‍ന്നത്. ഇന്ത്യന്‍ പൈതൃകം ഓസ്‌ട്രേലിയയിലെ പ്രവാസ ഭൂമിയില്‍ അവതരിപ്പിക്കുന്നതിനു സ്വീകാര്യത നേടിക്കൊടുക്കുന്നതിനും സഹായിക്കുന്നതായിരുന്നു നീനയുടെ പ്രവര്‍ത്തനങ്ങളെല്ലാം. ബൗധികമായ മികവും എളിമയും ത്യാഗ സന്നദ്ധതയും കുലീനതയും ഒരുപോലെ കൈമുതലായിരുന്നു വ്യക്തിത്വമായിരുന്നു നീനയുടേതെന്ന് പ്രമുഖ ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ എഴുത്തുകാരി രേഖ രാജവന്‍ഷി അനുസ്മരിച്ചു. ഇവരുടെ നിര്യാണത്തിലൂടെ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന് ഒരു സഹോദരിയെയും സാംസ്‌കാരിക പ്രവര്‍ത്തകയെയുമാണ് നഷ്ടമായിരിക്കുന്നതെന്ന് രേഖ അനുസ്മരിച്ചു.