കുടുംബത്തു കയറ്റാല്‍ കൊള്ളാത്ത കുടുംബക്കോടതി ജഡ്ജി, മൂന്നു പരാതികള്‍, അന്വേഷണം തുടങ്ങി

കൊല്ലം: കുടുംബക്കോടതി ജഡ്ജിക്കെതിരേ ലൈംഗിക പീഢന പരാതിയുമായി യുവതികള്‍. കൊല്ലം കുടുംബക്കോടതിയിലെ ജഡ്ജി ഉദയകുമാറിനെതിരേയാണ് ജില്ലാ ജഡ്ജിക്ക് പരാതി ലഭിച്ചിരിക്കുന്നത്. നിലവില്‍ മൂന്നു യുവതികളാണ് പരാതിക്കാര്‍. വിവാഹ മോചന കേസുമായി കോടതിയിലെത്തിയ യുവതികളെ ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതികളില്‍ പറയുന്നത്. പരാതിയെ തുടര്‍ന്ന് ഉദയകുമാറിനെ കൊല്ലത്തെ തന്നെ വാഹനാപകട നഷ്ടപരിഹാര കോടതി (എംഎസിടി)യിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.
വിവിധ കാരണങ്ങളാല്‍ വിവാഹമോചനത്തിന് അപേക്ഷിച്ച് കോടതിയിലെത്തുന്ന നിരാലംബരായ യുവതികളെ കൗണ്‍സലിംഗിനെന്ന പേരില്‍ ജഡ്ജി സ്വന്തം ചേംബറിലേക്കു വിളിച്ച് അവിടെ വച്ച് ലൈംഗികാതിക്രമത്തിനു വിധേയരാക്കുകയായിരുന്നുവെന്നാണ് മൂവരുടെയും പരാതിയില്‍ പറയുന്നത്. സാധാരണയായി വിവാഹമോചനാപേക്ഷകളിലെ കൗണ്‍സലിംഗ് അതിനായി നിയോഗിച്ചിരിക്കുന്ന വക്കീല്‍മാരാണ് നിര്‍വഹിക്കുന്നത്. എന്നാല്‍ ജഡ്ജി ദുരുദ്ദേശ്യത്തോടെ ഈ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു. അതിനു ശേഷമാണ് പീഢനത്തിലേക്കു കടക്കുന്നത്.
കൊല്ലം ജില്ലാ ജഡ്ജിക്കു കിട്ടിയ പരാതി അവിടെ നിന്നു ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിക്കു കൈമാറുകയായിരുന്നു. ഇതിന്‍മേല്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലാ കോടതികളുടെ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഡിസ്ട്രിക്ട ജൂഡീഷ്യല്‍ രജിസ്ട്രാറോട് അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.