സിഡ്‌നി: കഴിഞ്ഞ മെയ് മാസം മുതല്‍ ഇതുവരെ ന്യൂ സൗത്ത് വെയില്‍സിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 2600 ഡോളറിന്റെ കള്ളനോട്ടുകള്‍ പിടിച്ചതിനെ തുടര്‍ന്ന് എല്ലാവരും ഇവയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഹണ്ടര്‍ വാലി മേഖലയില്‍ നിന്നു മാത്രമാണ് ഇത്രയും നോട്ടുകള്‍ പിടികൂടിയിരിക്കുന്നത്. വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ ഇടപാടുകാര്‍ നല്കിയ നോട്ടുകളില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ സ്രോതസ് കണ്ടെത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.
ശരിയായ കറന്‍സി നോട്ടുകള്‍ ഓസ്‌ട്രേലിയ അച്ചടിക്കുന്നത് പ്രത്യേകയിനം പ്ലാസ്റ്റിക് പോളിമറിലാണ്. ഇവ തൊട്ടുനോക്കിയാല്‍ തന്നെ മനസിലാക്കാന്‍ സാധിക്കും. കീറിപ്പോകില്ലാത്തയിനം വസ്തുവാണിത്, എന്നാല്‍ കടലാസിനു തുല്യവുമാണ്. വെളിച്ചത്തിനു നേരേ പിടിച്ചു നോക്കിയും ശരിയായ നോട്ടും കള്ളനോട്ടും തിരിച്ചറിയാന്‍ സാധിക്കും. പ്രകാശം തട്ടുമ്പോള്‍ ദൃശ്യമാകുന്ന ഗവണ്‍മെന്റ് മുദ്രയാണ് ശരിയായ നോട്ടുകളിലുള്ളത്. സാധാരണയായി അച്ചടിയില്ലാത്ത വെള്ള ഭാഗത്തിനു ചേര്‍ന്നായിരിക്കും ഈ മുദ്രയുണ്ടായിരിക്കുക. നോട്ടിലെ തുക വിവരങ്ങളും മറ്റും അച്ചടിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലെ അച്ചടി ശരിയായ നോട്ടില്‍ വളരെ വ്യക്തമായിരിക്കും. എന്നാള്‍ കള്ളനോട്ടില്‍ അത്ര തന്നെ വ്യക്തത ഉണ്ടായിരിക്കില്ല. നോട്ടിന്റെ പ്രധാന അച്ചടിയുടെ ഭാഗം കൈ കൊണ്ടു തടവി നോക്കിയാല്‍ തടിപ്പുകള്‍ കാണപ്പെടുന്നതും യഥാര്‍ഥ നോട്ടില്‍ തന്നെയായിരിക്കും. ഇങ്ങനെ ആര്‍ക്കും കള്ളനോട്ടുകള്‍ സ്വയം കണ്ടെത്താന്‍ സാധിക്കുമെന്ന് പോലീസ് വെളിപ്പെടുത്തി. എന്നിട്ടും സംശയം തോന്നുന്നുവെങ്കില്‍ യുവി ലൈറ്റിനു കീഴില്‍ വച്ചു പരിശോധിക്കുക. അപ്പോള്‍ സീരിയല്‍ നമ്പരുകള്‍ തെളിഞ്ഞു വരുന്നതായി കാണാമെന്നും പോലീസ് അറിയിച്ചു.

