സിഡ്‌നി ഇന്നലെ വെന്തുരുകി, പകല്‍ റെക്കോഡ് ചൂട്-39.5 ഡിഗ്രി, ക്വീന്‍സ്ലാന്‍ഡ് ചൂടില്‍ മുന്നില്‍

സിഡ്‌നി: ഇന്നു വരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും കൂടിയ പകല്‍ചൂടില്‍ വെന്തുരുകി സിഡ്‌നി നിവാസികള്‍. ഇന്നലെ സിഡ്‌നി കടന്നു പോയത് 39.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലൂടെ. രാവിലെ മിതമായ ചൂടിന്റെ കാലാവസ്ഥയായിരുന്നെങ്കിലും ഉച്ചകഴിഞ്ഞതോടെ ചൂട് കൂടുകയായിരുന്നു. നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗമായ പെന്റിത്തിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്-39.8 ഡിഗ്രി സെല്‍ഷ്യസ്. തെക്കു പടിഞ്ഞാറുള്ള ബാങ്ക്‌സ്ടൗണിലെ അവസ്ഥയും ഇതു തന്നെയായിരുന്നു. കൂടിയ ചൂടും വീശിയടിക്കുന്ന കാറ്റും കൂടിയായതോടെ തീപിടുത്തത്തിനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിരക്ഷാ സേനാംഗങ്ങള്‍ തികഞ്ഞ ജാഗ്രതയിലായിരുന്നു. തീപിടുത്തത്തിനിടയാക്കുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശമാണ് അധികൃതരില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

സിഡ്‌നിയെ വെല്ലുന്ന ചൂട് രേഖപ്പെടുത്തിയത് ക്വീന്‍സ്ലാന്‍ഡിലായിരുന്നു. അവിടെയും നാല്‍പതു ഡിഗ്രി സെല്‍ഷ്യസിനു തൊട്ടടുത്തു വരെ ചൂടെത്തിയ സ്ഥലങ്ങള്‍ നിരവധിയായിരുന്നു. സൗത്ത് ഓസ്‌ട്രേലിയയോടു ചേര്‍ന്നു വരുന്ന ബേര്‍ഡ്‌സ് വില്ലിയില്‍ ചൂട് ഉയര്‍ന്ന് 46.1 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ഇതിനു മുമ്പ് ഏറ്റവു കൂടിയ ചൂട് ഈ പ്രദേശത്ത് രേഖപ്പെടുത്തിയത് 1995ലായിരുന്നു. അതിനെയും വെല്ലുന്നതായി ഇന്നലത്തെ ചൂട്. ഓസ്‌ട്രേലിയയുടെ ഇന്നുവരെയുള്ള ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും കൂടിയ ചൂടിന്റെ ഒക്ടോബര്‍ മാസമാണിത്. ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് തെക്കു പടിഞ്ഞാറന്‍ ക്വീന്‍സ്ലാന്‍ഡിലെ തര്‍ഗോമിന്‍ഹാദിലാണ്-31 ഡിഗ്രി സെല്‍ഷ്യസ്.

ഈ സാഹചര്യത്തില്‍ കാട്ടുതീയുണ്ടാകുന്നതിനുള്ള സാധ്യത അങ്ങേയറ്റമായതിനാല്‍ എല്ലാവരും തികഞ്ഞ ജാഗ്രതിയിലായിരിക്കണമെന്ന് അഗ്നി സേനാംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. എവിടെയെങ്കിലും തീയുടെ തുടക്കം കാണപ്പെടുകയാണെങ്കില്‍ അപ്പോഴേ അത് അണയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *