വെറും പതിനെട്ടു ലക്ഷം രൂപയ്ക്ക് തൊണ്ണൂറിലധികം ലോകരാജ്യങ്ങളില്‍ കറങ്ങിയടിച്ച പ്രശസ്ത ട്രാവല്‍ വ്ളോഗര്‍ രാജ ഘോഷ് മറ്റു സഞ്ചാരികളോട് തരുന്ന ഉപദേശം തനിക്കു നേരിട്ട അപമാനത്തിന്റെ വെളിച്ചത്തിലാണ്. ആകെക്കൂടി ഒരു രാജ്യത്തില്‍ മാത്രമാണ് ഇങ്ങനെയൊരു അനുഭവമുണ്ടായതെന്ന് എക്സ്പ്ളോറര്‍ രാജ എന്ന പേരില്‍ പ്രശസ്തനായ ഘോഷ് പറയുന്നു. ഏതാണാ രാജ്യമെന്നല്ലേ-ജോര്‍ജിയ. അവിടെയുണ്ടായത് തികച്ചും വംശീയമായ അധിക്ഷേപമായിരുന്നു. ഇന്ത്യക്കാരനായതിന്റെ പേരില്‍ മാത്രം നേരിട്ടത്.
തന്റെ അനുഭവം രാജ ഘോഷ് പറയുന്നതിങ്ങനെ. ജോര്‍ജിയയിലെ വിമാനത്താവളത്തില്‍ വച്ചാണീ അനുഭവം. അവിടെ ഇയാളെ നഗ്നനാക്കി പരിശോധിക്കുകയായിരുന്നു. പോയ സ്ഥലങ്ങളിലെല്ലാം നാട്ടുകാരുടെ നോട്ടത്തില്‍ പോലും വംശീയാധിക്ഷേപത്തിന്റെ ഭാവമായിരുന്നു ഉണ്ടായിരുന്നത്. പാസ്പോര്‍ട്ടും വീസയുമെല്ലാം ഉണ്ടായിട്ടും ഇമിഗ്രേഷന്‍ കൗണ്ടറിലുള്ളവര്‍ ആദ്യമേ സംശയദൃഷ്ടിയോടെയാണ് നോക്കിക്കൊണ്ടിരുന്നത്. ഒരു സ്ത്രീയാണെങ്കില്‍ താന്‍ എന്തിനാണിവിടെ വന്നതെന്ന് മറയില്ലാതെ ചോദിച്ചു. ടൂറിസ്റ്റാണെന്നു പറഞ്ഞപ്പോള്‍ ഇന്ത്യക്കാര്‍ക്കു ടൂറിസ്റ്റാകാന്‍ പറ്റുമോയെന്ന മറുചോദ്യമാണ് കിട്ടിയത്.
അതിനു ശേഷം ഒരു വിശദീകരണവുമില്ലാതെ നാലു മണിക്കൂര്‍ കാത്തിരുത്തി. പൂര്‍ണ നഗ്നാക്കിയാണ് ദേഹപരിശോധന നടത്തിയത്. കൈയിലുള്ള ബാഗേജുകളും തുറന്നു പരിശോധിച്ചു. 2019ല്‍ നടന്ന ഈ സംഭവത്തിനു മൂന്നു വര്‍ഷത്തിനു ശേഷം രണ്ടാമതും ജോര്‍ജിയയില്‍ പോയി. ആ സമയമായപ്പോള്‍ തന്റെ പാസ്പോര്ട്ടില് പോയിരിക്കുന്ന രാജ്യങ്ങളുടെയൊക്കെ സ്റ്റാമ്പുകള്‍ നിറഞ്ഞിരുന്നിട്ടു പോലും മനോഭാവത്തിനു മാറ്റമുണ്ടായിരുന്നില്ലെന്ന് രാജഘോഷ് പറയുന്നു.
തൊണ്ണൂറു രാജ്യങ്ങള്‍ ചുറ്റി, ദുരനുഭവം ഒരിടത്തു നിന്നു മാത്രം, ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്
