യാത്ര മുന്തിയ ക്ലാസിലാണെങ്കില്‍ വിമാനക്കൂലി പേഴ്‌സിനു ഭാരം കൂട്ടാനിട

ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കരണം വരുന്നതോടെ വിമാനത്തില്‍ ഉയര്‍ന്ന ക്ലാസുകളില്‍ യാത്ര ചെയ്യുന്നവരുടെ പോക്കറ്റിനു ഭാരം കൂടും. നിലവിലുള്ള ജിഎസ്ടി നിരക്ക് പന്ത്രണ്ടു ശതമാനത്തില്‍ നിന്ന് പതിനെട്ടു ശതമാനമായി ഉയരുമെന്നാണറിയുന്നത്. എന്നാല്‍ ഇക്കണോമി ക്ലാസിലെ യാത്രയ്ക്ക് ഈ പ്രശ്‌നം നേരിട്ടേക്കില്ല. നിലവില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് ഇക്കണോമി ക്ലാസിലാണ് ടിക്കറ്റെങ്കില്‍ ജിഎസ്ടി അഞ്ചു ശതമാനം മാത്രമാണ്. അതില്‍ കൈവയ്ക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ പ്രീമിയം ഇക്കണോമി, ബിസിനസ്, ഫസ്റ്റ്ക്ലാസ് ടിക്കറ്റുകള്‍ക്ക് ജിഎസ്ടി ഉയരുകയും ചെയ്യും.
കോണ്‍ഫറന്‍സുകള്‍, ക്ലയന്റ് മീറ്റിംഗുകള്‍, ബിസിനസ് സംബന്ധമായി യാത്രകള്‍ എന്നിവയ്ക്കു മാത്രമാണ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നത്. ഇക്കൂട്ടര്‍ക്ക് ജിഎസ്ടി ക്ലെയിം ചെയ്‌തെടുക്കാന്‍ സാധിക്കും. എന്നാല്‍ വിദേശത്തും മറ്റും ജോലി ചെയ്യുന്നവര്‍ വിമാനത്തില്‍ നാട്ടിലേക്കു വരുകയും പോകുകയും ചെയ്യുന്നതിന് ഈ സൗകര്യം ലഭിക്കുന്നില്ലാത്തതിനാലാണ് യാത്ര കൂടുതല്‍ ചെലവേറിയതായി മാറുന്നത്. സെപ്റ്റംബര്‍ 22നടുത്ത് പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണിപ്പോള്‍ കണക്കാക്കുന്നത്. സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാര്‍ അംഗങ്ങളായ ജിഎസ്ടി കൗണ്‍സിലിന്റെ മീറ്റിങ് ഇനി ചേരുന്നത് സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളിലാണ്. ആ യോഗത്തിന്റെ അംഗീകാരത്തോടു കൂടി മാത്രമേ ജിഎസ്ടി നിരക്കുകളിലെ പരിഷ്‌കരണം സാധിക്കൂ. എന്നാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്നതിനാല്‍ ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം പ്രശ്‌നമാകാനിടയില്ല.