തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നു സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന ചെന്നൈയിലെ സ്ഥാപനത്തിന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്ത സ്വര്‍ണം കര്‍ണാടക ബെല്ലാരിയിലെ വ്യാപാരിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റതായി പ്രത്യേക അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു. ബെല്ലാരിയില്‍ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്‍ എന്നയാളാണ് പോറ്റിയില്‍ നിന്നു സ്വര്‍ണം വാങ്ങിയത്. ഇതിന്റെ തുടര്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പോറ്റിയെ ബെല്ലാരിയിലേക്ക് ഉടന്‍ കൊണ്ടുപോകുന്നതാണ്.
സ്വര്‍ണം ബെംഗളൂരുവില്‍ വിറ്റുവെന്നായിരുന്നു ആദ്യം അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പോലീസ് ബംഗളൂരുവിലെത്തിയിരുന്നു. അവിടെ അന്വേഷണം നടത്തിയപ്പോഴാണ് സ്വര്‍ണം വിറ്റഴിച്ചത് ബെല്ലാരിയിലാണെന്ന വിവരം ലഭിക്കുന്നത്. അതോടെ ബെല്ലാരി അന്വേഷണത്തിന്റെ കേന്ദ്രമായിരിക്കുകയാണിപ്പോള്‍.
കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ മുരാരി ബാബുവിന്റെ മൊഴിയും ഈ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായിരിക്കുകയാണ്. ശബരിമലയിലെ ആസ്തി രജിസ്റ്ററില്‍ സ്വര്‍ണപ്പാളിയെ ചെമ്പ് എന്നു രേഖപ്പെടുത്തിയത് ഉന്നതരുടെ നിര്‍ദേശപ്രകാരമാണെന്നാണ് മുരാരിയുടെ മൊഴി. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയും സമാനമായ വിവരമാണ് അന്വേഷണ സംഘത്തോടു പങ്കുവച്ചിരുന്നത്. ഇതോടെ ദേവസ്വം ബോര്‍ഡിലെയും വകുപ്പിലെയും ഉന്നതര്‍ക്കെതിരായ കുരുക്കു മുറുകിയിരിക്കുകയാണ്. ആരൊക്കെയാണ് ഇപ്പറയുന്ന ഉന്നതര്‍ എന്ന കാര്യത്തിലേക്ക് അന്വേഷണം തിരിയുകയാണ്.

