അബുദാബി: തിരഞ്ഞെടുത്ത നഗരങ്ങളിലേക്കുള്ള യാത്രയ്ക്ക് വമ്പന്‍ ഓഫറുമായി യുഎഇയുടെ ദേശീയ വിമാന സര്‍വീസായ എത്തിഹാദ്. സെപ്റ്റംബര്‍ 12നു മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ശൈത്യകാല യാത്രക്കാര്‍ക്ക് ഈ ഇളവ് ആസ്വദിക്കാം. യാത്ര ഇപ്പോള്‍ തന്നെ ചെയ്യണമെന്നേയില്ല. ഈ മാസം മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് അവസാനം വരെയുള്ള ഏതു സമയത്തും യാത്രയാകാം. പക്ഷേ ബുക്കിങ് ഇപ്പോള്‍ തന്നെ വേണം. ടിക്കറ്റ് നിരക്കില്‍ മുപ്പതു ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
2025 ജൂണ്‍ 30ന് അവസാനിച്ച ഈ വര്‍ഷത്തിലെ ആദ്യപാദത്തില്‍ കമ്പനി 110 കോടി രൂപയുടെ അറ്റാദായം നേടിയെന്നു മാത്രമല്ല, യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. അതേ പ്രകടനം തന്നെ രണ്ടാം പാദത്തിലും ഉറപ്പാക്കാനാണ് ഇപ്പോഴത്തെ ഇളവ് പ്രഖ്യാപനം.
പന്ത്രണ്ട് നഗരങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഇപ്പോള്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. തായ്ലന്ഡിലെ ക്രാബി, ചിയാങ്മായ്, കംബോഡിയയിലെ ഫനാംപെന്, അള്‍ജീരിയയിലെ അള്‍ജിയേഴ്സ്, ടുണീഷ്യയിലെ ട്യൂണിസ്, വിയറ്റ്നാമിലെ ഹനോയ്, ഇന്തോനേഷ്യയിലെ മേദാന്‍ എന്നീ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ 1835 ദിര്‍ഹം മുതലുള്ള തുകയ്ക്കും എത്യോപ്യയിലെ ആഡിസ് അബാബയിലേക്കും റഷ്യയിലെ കസാനിലേക്കുമുള്ള ടിക്കറ്റുകള്‍ 1465 ദിര്‍ഹം മുതലുള്ള തുകയ്ക്കും ഹോങ്കോങ്ങിലേക്കും തായ്പെയിലേക്കുമുള്ള ടിക്കറ്റുകള്‍ 1935 ദിര്‍ഹം മുതലുള്ള തുകയ്ക്കും ലഭ്യമാണ്.ഏറ്റവും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത് പാക്കിസ്ഥാനിലെ പെഷവാറിലേക്കാണ്, 895 ദിര്‍ഹം മുതല്‍.
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, ടിക്കറ്റ് നിരക്കില്‍ 30% ഇളവുമായി എ്ത്തിഹാദ്
