മെല്ബണ്: ലോറിയില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന എസ്‌കവേറ്റര്‍ രണ്ടു പാലങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്ന് മെല്ബണ്‍ നിവാസികള്‍ക്കു യാത്ര ദുരിതമായി. ഒരേസമയം റോഡ് ഗതാഗതവും റെയില്‍ ഗതാഗതവും തടസപ്പെട്ടത് മണിക്കൂറുകള്‍ നീണ്ട ദുരിതത്തിലേക്കാണ് നയിച്ചത്. രണ്ടു പാലങ്ങളുടെയും ഉറപ്പ് വിദഗ്ധ എന്‍ജിനീയറിങ് സംഘം വിലയിരുത്തിയ ശേഷമാണ് അതുവഴിയുള്ള റോഡ്, റെയില്‍ ഗതാഗതം തുടര്‍ന്ന് അനുവദിച്ചത്.
ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഭീമാകാരമായ എസ്‌കവേറ്റര്‍ വലിയൊരു ട്രക്കിന്റെ പിന്നിലെ പ്ലാറ്റ്‌ഫോമില്‍ ലോഡ് ചെയ്ത് റോഡിലൂടെ കൊണ്ടു പോകുകയായിരുന്നു. ക്രെമോണിലെ അലക്‌സാണ്ട്ര അവന്യൂ പാലത്തിലാണിത് ആദ്യം ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ എസ്‌കവേറ്ററിന്റെ ഒരു ബക്കറ്റ് ഇളകി റോഡില്‍ വീണു. കഷ്ടിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്ക് അതേ ട്രക്ക് തന്നെ ബാറ്റ്മാന്‍ അവന്യുവും പന്റ് റോഡും ചേരുന്ന ഭാഗത്തെ റെയില്‍ ഓവര്‍പാസില്‍ ഇടിച്ചു. ഇതോടെ അവിടെയും ഗതാഗതം മുഴുവന്‍ തടസപ്പെട്ടു. വെറും ഒരു മണിക്കൂര്‍ യാത്രയുടെ ഇടവേള വരുന്ന ഭാഗങ്ങളില്‍ ഗതാഗതം സ്തംഭിച്ചതോടെ നഗരം മുഴുവന്‍ കുരുങ്ങുകയായിരുന്നു. അധികൃതരെത്തി മേല്‍നടപടി സ്വീകരിച്ച ശേഷം ട്രക്ക് ഒരു വശത്തേക്ക് മാറ്റി ഒറ്റവരിയായി മറ്റു വാഹനങ്ങള്‍ കടത്തി വിടാന്‍ ആരംഭിച്ചു.
റോഡ് ഗതാഗതത്തിനു പുറമെ റെയില്‍ ഗതാഗതവും ഇതു മൂലം ദുരിതത്തിലായി. സാന്‍ഡ്രിങ്ഹാം, ഫ്രാങ്ക്സ്റ്റണ്‍, പക്കന്‍ഹാം, ക്രാന്‍ബോണ്‍ എന്നിവിടങ്ങളിലാണ് തീവണ്ടികള്‍ പിടിച്ചിട്ടത്. എന്‍ജിനിയറിംഗ് സംഘത്തിന്റെ പരിശോധനകള്‍ക്കു ശേഷം ട്രെയിനുകള്‍ കടന്നു പോകാന്‍ അനുവദിച്ചെങ്കിലും തുടക്കത്തിലേ സംഭവിച്ച സമയവ്യത്യാസം അവസാനം വരെ തുടര്‍ന്നു.

