ഇസാഫ് ബാങ്കില്‍ പതിനാല് കോടിയുടെ കവര്‍ച്ച

കേരളത്തില്‍ തൃശൂര്‍ ആസ്ഥാനമായ ഇസാഫ് ബാങ്കിന്റെ മധ്യപ്രദേശിലെ ജബല്‍പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച. ഇന്നലെ പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയില്‍ ബൈക്കിലെത്തിയ അക്രമികള്‍ തോക്കു ചൂണ്ടി 14.8 കിലോ സ്വര്‍ണവും ആറു ലക്ഷം രൂപയും കവര്‍ന്നു. സ്വര്‍ണത്തിനു പതിനാലു കോടി രൂപ വിലവരുമെന്നു കണക്കാക്കുന്നു. ജബല്‍പൂര്‍ ജില്ലയില്‍ ഖിതോള പ്രദേശത്തുള്ള ശാഖയിലാണ് സായുധ സംഘം അക്രമം നടത്തിയത്.
ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പായി രാവിലെ ഒമ്പതു കഴിഞ്ഞപ്പോഴേ ബൈക്കിലെത്തിയ സംഘം ഹെല്‍മറ്റുകൊണ്ട് മുഖം മറച്ച് ഉള്ളിലേക്കു പ്രവേശിക്കുകയായിരുന്നു. ഇരുപതു മിനിറ്റുകൊണ്ട് സ്വര്‍ണവും പണവും കവര്‍ന്ന ശേഷം രക്ഷപെടുകയായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തി അന്വേഷണം നടക്കുകയാണെന്നും കവര്‍ന്ന സ്വര്‍ണത്തിന്റെയും പണത്തിന്റെയും കൃത്യമായ വിവരങ്ങള്‍ ലഭിക്കാനിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പായിരുന്നതിനാല്‍ ഏതാനും ജീവനക്കാരല്ലാതെ മറ്റാരും സ്ഥലത്തില്ലായിരുന്നു.