അറസ്റ്റില്‍ അത്ര ആവേശമൊന്നും വേണ്ടെന്ന് കോടതി, ഷാജഹാനു ജാമ്യം

കൊച്ചി: സിപിഎം വനിതാ നേതാവ് കെ ജെ ഷൈനിനു നേരേ ലൈംഗിക പരാമര്‍ശമുള്ള സൈബര്‍ ആക്രമണം നടത്തിയെന്ന കേസില്‍ എറണാകുളം ചെങ്ങമനാട് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്ത സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകന്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഷാജഹാനെ അറസ്റ്റ ചെയ്ത സംഭവത്തില്‍ പോലീസിനെ കോടതി വിമര്‍ശിക്കുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. എഫ്‌ഐആര്‍ ഇട്ട് മണിക്കൂറുകള്‍ക്കകം ഷാജഹാനെ അറസ്റ്റ് ചെയ്തതിന്റെ കാരണമാണ് കോടതി പ്രധാനമായും ആരാഞ്ഞത്. ഇങ്ങനെ അറസ്റ്റ് ചെയ്യാനുള്ള ചെങ്ങമനാട് എസ്‌ഐയുടെ അധികാരവും കോടതി ചോദ്യം ചെയ്തു. വെറും മൂന്നു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് ചെങ്ങമനാട് എസ്‌ഐ എങ്ങനെയാണ് എറണാകുളത്ത് എത്തിയതെന്നും കോടതി ചോദിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗിക ചുവയുള്ള വാക്ക് എന്നു പറയുന്നതിനെയും വീഡിയോയില്‍ അശ്ലീലം പറഞ്ഞു എന്നു രേഖപ്പെടുത്തിയതിനെയും കോടതി ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് രണ്ടു പേരുടെയും 25000 രൂപയുടെയും അടിസ്ഥാനത്തില്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.