ഈരാറ്റുപേട്ട: ആനപ്രേമികളുടെ ഹരമായിരുന്ന ഈരാറ്റുപേട്ട അയ്യപ്പന്‍ ചെരിഞ്ഞു. കോടനാട് ആനക്കളരിയില്‍ ഏറ്റവും അവസാനം ലേലം വിളിച്ച് വില്‍പന നടത്തിയ ആനയായിരുന്നു പിന്നീട് ഈരാറ്റുപേട്ട അയ്യപ്പനെന്നു പേരുമാറ്റിയ ആരാം. വാര്‍ധക്യത്തിലെത്തിയതിനെ തുടര്‍ന്ന് കുറേ നാളായി അവശതയിലായിരുന്ന അയ്യപ്പന് അന്നു മുതല്‍ മുടങ്ങാതെ ചികിത്സ നല്‍കിപ്പോന്നതാണ്. എന്നാല്‍ വിദഗ്ധരായ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കു പോലും അയ്യപ്പന്റെ അന്ത്യം തടയാനായില്ല.
ആരാമിനെ ലേലത്തിനു വച്ചപ്പോള്‍ ഈരാറ്റുപേട്ട പരവന്‍പറമ്പില്‍ വെള്ളൂക്കുന്നേല്‍ തോമസ് ജോസഫും ഭാര്യ ഈത്താമ്മയും ചേര്‍ന്നു വാങ്ങുകയായിരുന്നു. 1977ലായിരുന്നു ഈ ലേലം നടക്കുന്നത്. അന്നുമുതല്‍ ആര്‍ക്കും കൈമാറാതെ വെള്ളൂക്കുന്നേല്‍ കുടുംബത്തിനൊപ്പം അയ്യപ്പനുമുണ്ട്. ലേലത്തില്‍ വാങ്ങുന്ന സമയത്ത് ഏഴു വയസായിരുന്നു ആരാമിനു പ്രായം. അതുവച്ച് കണക്കാക്കുമ്പോള്‍ അയ്യപ്പനിപ്പോള്‍ അമ്പത്തഞ്ചു വയസ് പ്രായമായി. ഗജരാജന്‍, ഗജോത്തമന്‍, ഗജരത്‌നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍, ഐരാവതസമന്‍ തുടങ്ങി അയ്യപ്പന് നിരവധി പട്ടങ്ങളും അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.
ഒരു കാലം മാറുന്നു, ഈരാറ്റുപേട്ട അയ്യപ്പനും തിടമ്പുകളില്ലാതെ നിത്യതയിലേക്ക്

