ന്യൂഡല്‍ഹി: രക്തബാങ്കില്‍ നിന്നുള്ള രക്തം സ്വീകരിച്ച അഞ്ചു കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധ. രക്തത്തിലെ പ്രോട്ടീന്‍ ഘടകമായ ഹീമോഗ്ലോബിന്‍ നില സ്ഥിരമായി താഴ്ന്നു നില്‍ക്കുന്ന തലാസീമിയ രോഗം ബാധിച്ച കുട്ടികള്‍ക്കാണ് സ്വീകരിച്ച രക്തത്തില്‍ നിന്ന് എയ്ഡ്‌സ് ബാധയേറ്റത്. ജാര്‍ഖണ്ഡിലെ ഛൈബാസ എന്ന സ്ഥലത്താണ് സംഭവം. ജില്ലയിലെ സദര്‍ ആശുപത്രിയിലെ രക്തബാങ്കില്‍ നിന്നുള്ള രക്തമാണ് ഇവര്‍ സ്ഥിരമായി സ്വീകരിച്ചു പോരുന്നത്. തലാസീമിയ ബാധിച്ച വ്യക്തിക്ക് നിശ്ചിത ഇടവേളകളില്‍ രക്തം നല്‍കേണ്ടതുണ്ട്. രക്ത ബാങ്കില്‍ നിന്നു ലഭിച്ച രക്തം അണുബാധയുള്ളതായിരുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഏഴുവയസുള്ളൊരു ബാലന് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചതോടെ അതേ രക്തബാങ്കില്‍ നിന്നു രക്തം സ്വീകരിച്ച മറ്റുള്ളവരെ കൂടി പരിശോധിച്ചപ്പോഴാണ് വേറെയും നാലുപേര്‍ക്ക് രോഗം ബാധിച്ചതായി തിരിച്ചറിയുന്നത്. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണിപ്പോള്‍ അന്വേഷണം നടക്കുന്നത്. രക്തത്തില്‍ നിന്നല്ലെങ്കില്‍ രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ളത് ഉപയോഗിച്ച സൂചിയില്‍ നിന്നാണ്. അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ചോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. പ്രാഥമികമായ അന്വേഷണം രക്തബാങ്കിന്റെ ഉത്തരവാദിത്വം തന്നെയാണ് സൂചിപ്പിക്കുന്നത്.

