ഇംഗ്ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എസ്എംഎസ് സന്ദേശത്തെ കരുതിയിരുന്നോളൂ

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പഠനാവശ്യത്തിനെത്തിയിരിക്കുന്ന നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫോണിലെ മെസേജുകളിലൂടെ നേരിട്ടുബന്ധപ്പെടാന്‍ ഇംഗ്ലണ്ടിലെ ആഭ്യന്ത്ര മന്ത്രാലയം നടപടി തുടങ്ങി. വീസ കാലാവധി കഴിഞ്ഞതിനു ശേഷം തുടരുന്നതിനെതിരേ മുന്നറിയിപ്പു നല്‍കുന്നതിനാണ് ഫോണ്‍ മെസേജ് എന്ന പുതിയ സമ്പ്രദായത്തിലൂടെ ശ്രമിക്കുന്നത്. ഏതു സാഹചര്യത്തിലായാലും തെറ്റായ അസൈലം ക്ലെയിമുകള്‍ (അഭയ അപേക്ഷകള്‍) അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും വീസ കാലാവധി കഴിഞ്ഞ എല്ലാവരെയും രാജ്യത്തു നിന്നു തിരികെ കയറ്റി അയയ്ക്കുമെന്നും ഈ സന്ദേശങ്ങളിലുണ്ടാകും. വീസ കാലാവധി തീരാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കുന്നവര്‍ക്കു പോലും കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു സന്ദേശം എത്തിക്കഴിഞ്ഞു. എല്ലാ വിദ്യാര്‍ഥികള്‍ക്കും സന്ദേശം അയയ്ക്കുന്നതിനാണ് പുതിയ തീരുമാനം.
അഭയ അപേക്ഷകള്‍ സമര്‍പ്പിച്ച് രാജ്യത്തു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്തരം അപേക്ഷയ്‌ക്കൊപ്പം അനാഥത്വം സംബന്ധിച്ച് ഔദ്യോഗിക രേഖകളില്‍ പറയുന്ന തെളിവുകള്‍ ഹാജരാക്കേണ്ടതായി വരും. ഇത്തരം തെളിവുകളില്ലാത്ത അപേക്ഷകള്‍ തള്ളിക്കളയുകയേയുള്ളൂ. മതിയായ കാരണമില്ലാതെ നല്‍കിയിരിക്കുന്ന അഭയം വീസകളുടെ ഫലമായി പ്രതിദിനം ഇംഗ്ലണ്ടിന് 57 ലക്ഷം യൂറോ ചെലവാകുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അതിന്റെ വെളിച്ചത്തിലാണ് അഭയത്തിനുള്ള അപേക്ഷകളിലും പിടിമുറുക്കുന്നത്.