ഐസിസി വനിതാ ലോകകപ്പ്: ബംഗ്ലാദേശിനോടു തടി രക്ഷിച്ച് ഇംഗ്ലണ്ടിനു വിജയം

ഗുവാഹതി: ഐസിസി വനിതാ ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ച് താരതമ്യേന നവാഗതരായ ബംഗ്ലാദേശിന്റെ വെല്ലുവിളി. ഒടുവില്‍ ഹീഥര്‍ റൈറ്റ് നേടിയ അര്‍ധ സെഞ്ചുറിയുടെയും അതിനു വാലറ്റക്കാര്‍ നല്കിയ പിന്തുണയുടെയും ബലത്തില്‍ ഇംഗ്ലണ്ട് കടന്നു കൂടി. അങ്ങനെ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തു. ഇത് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ വിജയമാണ്. ബംഗ്ലാദേശ് ഉയര്‍ത്തിയ 179 എന്ന ശരാശരി വിജയലക്ഷ്യം ഭേദിക്കാന്‍ 46.1 ഓവറില്‍ ഇംഗ്ലണ്ടിനു സാധിച്ചു.
രണ്ടാമതു ബാറ്റു ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ആമി ജോണ്‍സിനെ മൂന്നു പന്തില്‍ നിന്ന് ഒരു റണ്‍ എടുത്ത അവസ്ഥയിലും ടാമി ബ്യൂമോണ്ടിനെ പതിനേഴു പന്തില്‍ നിന്ന് 13 റണ്‍സ് എടുത്ത അവസ്ഥയിലും നഷ്ടപ്പെടുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇറങ്ങിയ ഹീഥര്‍ നൈറ്റിന് കുറച്ചു നേരത്തേക്കെങ്കിലും പിന്തുണ നല്‍കാന്‍ ഒപ്പമിറങ്ങി 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രന്റിനു സാധിച്ചു.ടീം സ്‌കോര്‍ 69ല്‍ എത്തിനില്‍കെ ക്യാപ്റ്റനും പുറത്തായി. പിന്നാലെ വന്ന സോഫിയ ഡങ്ക്‌ലെ പൂജ്യത്തിനു പുറത്ത്. അപ്പോഴേക്കും ഫോമിലെത്തിയ ഹീഥര്‍ നൈറ്റ് അടിച്ചു കളിക്കാന്‍ തുടങ്ങിയിരുന്നു. ആറാമതെത്തിയ എമ്മ ലാമ്പ് ഒരു റണ്ണെടുത്തപ്പോഴേക്കും പുറത്തായതോടെ വാലറ്റക്കാരിലായി ഹീഥറിന്റെയും ഇംഗ്ലീഷ് ടീമിന്റെയും പ്രതീക്ഷ. ഈ ഘട്ടത്തില്‍ ഹീഥറിനു പിന്തുണയുമായി എത്തിയ അലീസ് കാപ്‌സെ ഇരുപത് റണ്‍സ് നേടിയതോടെ സ്‌കോര്‍ നൂറു കടന്നു. അപ്പോഴേക്കും അലീസും പുറത്തായി. അടുത്തതായി വന്ന ഷാര്‍ലെറ്റ് ഡീന്‍ നിന്നുപൊരുതി. അപ്പോഴേക്കും ഹീഥര്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നിരുന്നു. അതിനു ഊറ്റമായ പിന്തുണ കൊടുക്കാന്‍ ഇരുപത്തേഴു റണ്‍സുമായി ഷാര്‍ലെറ്റ് ഒപ്പം നിന്നു. അവരുടെ കൂട്ടുകെട്ടാണ് വിജയത്തിലേക്കു ബാറ്റ് വീശുന്നത്.
ബംഗ്ലാദേശിനു വേണ്ടി ശോഭന മൊസ്താറി അറുപതു റണ്‍സിന്റെ അര്‍ധ സെഞ്ചുറി നേടിയതും റബേയ ഖാന്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്നതുമാണ് താരതമ്യേന ഭേദപ്പെട്ട സ്‌കോറിലേക്ക് അവരെ എത്തിച്ചത്. രണ്ടാമതൊരു കളിയില്‍ കൂടി ബംഗ്ലാദേശ് തങ്ങളുടെ ബൗളിങ് മികവാണ് ഈ കളിയിലും കാഴ്ച വച്ചത്.