ലക്‌നോയില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് എന്‍ജിന്‍ തകരാര്‍

ലക്‌നോ: ഡല്‍ഹിയിലേക്ക് പറക്കാന്‍ ലക്‌നോ വിമാനത്താവളത്തില്‍ ഓടിത്തുടങ്ങിയ ഇന്‍ഡിഗോ വിമാനത്തിന് പറന്നുയരുന്നതിനു മുമ്പു തന്നെ എന്‍ജിന്‍ തകരാര്‍ വന്നതോടെ വലിയൊരു അപകടം ഒഴിവായി. പിന്നീട് വിമാനം റണ്‍വേയില്‍ നിന്നു മാറ്റുകയും മറ്റൊരു വിമാനം വന്ന് യാത്രക്കാരെ അതില്‍ കയറ്റി ഡല്‍ഹിക്കു വിടുകയും ചെയ്തു. സമാജ്‌വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവ്, ഗോണ്ട എസ്പി നേതാവ് സൂരജ് സിങ് എന്നിവര്‍ വിമാനത്തിലെ യാത്രക്കാരായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. ലക്‌നോയിലെ ചൗധരി ചരണ്‍സിങ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ യാത്രക്കാരെല്ലാം ബോര്‍ഡ് ചെയ്തു കഴിഞ്ഞ് സാധാരണപോലെ വിമാനം ഉരുണ്ടു നീങ്ങുകയും ചെയ്തു. കുറച്ചു ദൂരം സാധാരണ പോലെ ഓടിയ ശേഷം മുകളിലേക്ക് ഉയരാന്‍ ശ്രമിച്ചപ്പോള്‍ അതിനാവശ്യമായ തള്ള് ലഭിക്കാതെ വന്നതോടെയാണ് എന്‍ജിന്റെ തകരാര്‍ സംബന്ധിച്ച സൂചന ലഭിക്കുന്നത്. വീണ്ടും പരിശ്രമിച്ചപ്പോഴും ഇതു തന്നെയായിരുന്നു ഫലം. അതോടെയാണ് യാത്രക്കാരെ പുറത്തിറക്കുന്നതും മറ്റൊരു വിമാനത്തില്‍ കയറ്റി വിടുന്നതും.