നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓപ്പറേഷന്‍സ് കേന്ദ്രം തുറന്ന് എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ. കൊച്ചി വിമാനത്താവളം മുഖേന വിവിധ ലോക കേന്ദ്രങ്ങളിലേക്കുള്ള ചരക്കു നീക്കത്തിന് ഇതു വലിയ ഉണര്‍വേകുമെന്നാണ് പ്രതീക്ഷ. വിവിധ ലോക കേന്ദ്രങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള ചരക്കു ഗതാഗതത്തില്‍ വലിയ സ്ഥാനമാണ് എമിറേറ്റ്‌സ് കാര്‍ഗോയ്ക്കുള്ളത്. മധ്യേഷ്യയിലേക്കെന്നതു പോലെ യൂറോപ്പിലേക്കുള്ള ചരക്കു നീക്കത്തിനും ഇതുവഴി വലിയ ഉണര്‍വു ലഭിക്കുമെന്ന പ്രതീക്ഷയാണ് ബന്ധപ്പെട്ടവര്‍ക്കുള്ളത്.
ചരക്കു ഗതാഗതത്തിനൊപ്പം അന്താരാഷ്ട്ര കൊറിയറുകള്‍, ചരക്കു കൈമാറ്റ ഏജന്‍സികള്‍, എന്നിവയുടെ പ്രവര്‍ത്തനം ഇതുമായി സംയോജിപ്പിക്കാനും എമിറേറ്റ്‌സിനു പദ്ധതിയുണ്ടെന്നാണറിയുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുടെ ഹബ്ബായി കൊച്ചി സിയാലിനെ മാറ്റുന്നതു സംബന്ധിച്ച് വിമാനത്താവള അധികൃതരും എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതു യാഥാര്‍ഥ്യമായാല്‍ കൊച്ചി വിമാനത്താവളത്തിന്റെ വരുമാനത്തില്‍ വന്‍വര്‍ധനയായിരിക്കും വരുന്നത്.

