മെല്‍ബണ്‍: പ്രസവ പ്രോത്സാഹന ഇന്‍ഫ്ളൂവന്‍സര്‍ എന്ന നിലയില്‍ ഓസ്ട്രേലിയയില്‍ പ്രശസ്തയായ ഓണ്‍ലൈന്‍ പ്രവര്‍ത്തക എമിലി ലാലിന് വിക്ടോറിയയില്‍ വിലക്ക്. സമൂഹ മാധ്യമങ്ങളില്‍ സ്വന്തം കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് എമിലിയെ വിലക്കിയിരിക്കുന്നത് വിക്ടോറിയയിലെ ആരോഗ്യ മേഖലയിലെ പരാതികളുമായി ബന്ധപ്പെട്ട കമ്മീഷണറാണ്. ഓഥന്റിക് ബെര്ത്ത്കീപ്പര് ഓണ്‍ലൈന്‍ എന്ന പേരിലാണ് എമിലി സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്.
വീട്ടുപ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് എമിലിയുടെ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പരാതി വിഭാഗം പ്രശ്നമായി കാണുന്നത്. ഇതു സംബന്ധിച്ച് എമിലിക്കെതിരേ പരാതി ഉന്നയിച്ചത് ആരോഗ്യമേഖലയില്‍ തന്നെ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ഏജന്‍സിയാണ്. വീട്ടില്‍ പ്രസവം നടത്തുക എന്നത് ഒരേ സമയം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വെല്ലുവിളിയായി മാറുമെന്ന് പൊതുജന ശ്രദ്ധയ്ക്കായി ആരോഗ്യ പരാതി വിഭാഗം കമ്മീഷണര്‍ പ്രഫ. ബെര്‍ണീസ് റെഡ്ലി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എമിലിയുടെ വാക്കുകള്‍ക്ക് ആരും ചെവി കൊടുക്കരുതെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാകരുതെന്നും കമ്മീഷണറുടെ കുറിപ്പില്‍ പറയുന്നു.
പരസ്യമായി ആശയപ്രചാരണം നടത്തുന്നതിന് എമിലിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് 2026 ജനുവരി 12 വരെ തുടരും. ഇതിനിടെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നതാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിലക്ക് തുടരണമോയെന്ന കാര്യം തീരുമാനിക്കുക. എമിലിയുടെ ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും പോസ്റ്റുകള്‍ക്കും വിലക്ക് ബാധകമാണ്. പൂര്‍ണ സ്വയാധികാരത്തോടെയുള്ള സ്ത്രീകളുടെ പ്രസവം എന്നതാണ് എമിലിയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന സമീപനം.

