പൊന്നിനു രൊക്കം പണമെന്ന വാശിയെന്തിന്, കച്ചവടം നടക്കാന്‍ വേറെ വഴിനോക്കണം

കൊച്ചി: സ്വര്‍ണം വാങ്ങുന്നതിന് മാസത്തവണ (ഇഎംഐ) സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിലേക്ക് സ്വര്‍ണ വ്യാപാരികളെത്തുന്നു. ഓരോ ദിവസവും സ്വര്‍ണവില കുത്തനെ കൂടുന്നതിനാല്‍ കച്ചവടം തീരെ കുറയുന്നതാണ് നിലവില്‍ കാഷ്/കാര്‍ഡ് രീതികള്‍ മാത്രം പിന്തുടരുന്ന സ്വര്‍ണ കച്ചവടത്തിലേക്ക് മറ്റു ഗൃഹോപകരണങ്ങള്‍ക്ക് ലഭ്യമായ രീതിയില്‍ പ്രതിമാസ തിരിച്ചടവിനു സൗകര്യം കൊടുക്കുന്ന ഇഎംഐ സൗകര്യം കൊണ്ടുവരണമെന്ന ആവശ്യത്തിലേക്ക് കച്ചവടക്കാരെ എത്തിക്കുന്നത്.
ഇന്ന് ഒരു ദിവസം മാത്രം സ്വര്‍ണത്തിനു കൂടിയത് പവന് 520 രൂപയാണ്. ഇതോടെ ഒരു പവന്റെ വില 75760 രൂപയായി. പണിക്കൂലി ഇതിനു പുറമെയാണ് വരുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി എല്ലാ ദിവസവും സ്വര്‍ണവില കുത്തനെ കയറിക്കൊണ്ടിരിക്കുകയുമാണ്. സാധാരണ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടുമ്പോഴാണ് വില കൂടുന്നതെങ്കില്‍ സ്വര്‍ണത്തിന്റെ കാര്യത്തില്‍ ആവശ്യക്കാര്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ വന്നിരിക്കുന്ന കുറവാണ് വിലകൂടുന്നതിനു കാരണമായി പറയുന്നത്. മുന്‍കാലങ്ങളില്‍ ഒരു വര്‍ഷം ആയിരം ടണ്ണിനു മേല്‍ സ്വര്‍ണം ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ആകെ ഇറക്കുമതി ചെയ്തത് 700 ടണ്ണില്‍ താഴെയാണ്. അതേ സമയം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്വര്‍ണവില വര്‍ധിച്ചത് 35000 രൂപയ്ക്കു മേലാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം എത്തുന്നതു കുറയുന്നതിനാലാണ് ഇറക്കുമതിയില്‍ കുറവു വരുന്നത്. ഇതെല്ലാം ചേര്‍ന്ന് സാധാരണക്കാര്‍ക്ക് സ്വര്‍ണം താങ്ങാനാവാത്ത സാധനമായി മാറിയിരിക്കുകയാണ്.
കേരളത്തിലാണെങ്കില്‍ വിവാഹ സീസണ്‍ ചിങ്ങത്തോടെ ആരംഭിച്ചിരിക്കുകയാണ്. ഈ സമയത്തെ ഇരുട്ടടിയെന്ന പോലെയാണ് അനുദിനമുള്ള വിലക്കയറ്റം. ഈ സാഹചര്യം നേരിടുന്നതിന് ഏറ്റവും ഉചിതമായ മാര്‍ഗം ഇഎംഐ സൗകര്യം ഏര്‍പ്പെടുത്തുന്നതു മാത്രമായിരിക്കും. ഇഎംഐ പദ്ധതി നടപ്പാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആര്‍ബിഐ, ഐബിഎ, എന്‍ബിഎഫ്‌സി എന്നിവയുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് നിവേദനം നല്‍കാനൊരുങ്ങുകയാണ് സ്വര്‍ണ വ്യാപാരികള്‍.