ന്യൂയോര്‍ക്ക്: കഴുത്തിനു താഴേക്ക് തളര്‍ന്നു പോയൊരു മനുഷ്യന് എങ്ങനെ കംപ്യൂട്ടര്‍ മൗസ് കൈകാര്യം ചെയ്യും. എങ്ങനെ ചെസ് കളിക്കും. എങ്ങനെ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യും. ഇതൊക്കെ അനായാസം ചെയ്യാന്‍ തനിക്കു പറ്റുന്നുണ്ടെന്നാണ് നോലന്‍ഡ് ആര്‍ബോ പറയുന്നത്. ആരാണ് നോലന്‍ഡ് ആര്‍ബോ എന്നല്ലേ, ഒരു വാഹനാപകടത്തില്‍ കഴുത്തിനു താഴേക്കു തളര്‍ന്നു പോയ മനുഷ്യനാണിയാള്‍. കൈയോ കാലോ ഒന്നും അനക്കാനേ പറ്റില്ല. ഇങ്ങനെയുള്ളൊരു മനുഷ്യനെക്കൊണ്ട് അസാധ്യമായ പല കാര്യങ്ങളും ചെയ്യിച്ചിരിക്കുകയാണ് ന്യൂറാലിങ്ക് എന്ന കമ്പനിയുടെ ഹ്യൂമന്‍ ബ്രെയിന്‍ ചിപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ബ്രെയിന്‍ ചിപ്പ് സ്ഥാപിക്കപ്പെട്ടത് ഇയാളിലാണ്. ബ്രെയിന്‍ ചിപ്പ് തന്റെ ജീവിതം മാറ്റിമറിച്ചെന്നാണ് ആര്‍ബോ തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് ന്യൂറാലിങ്കിന്റെ ഒരു മീറ്റിംഗില്‍ പറയുന്നത്.
കൈയോ കാലോ അനക്കാതെ ചിന്തകളുടെ മാത്രം സഹായത്തോടെയാണ് അതുവരെ അസാധ്യമായ പല കാര്യങ്ങളും ഇപ്പോള്‍ ആര്‍ബോ ചെയ്യുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ വീല്‍ ചെയറിലാണ് ഇയാളെത്തിയത്. വെറും പതിനെട്ടു മാസം കൊണ്ടാണ് ആര്‍ബോയുടെ ജീവിതം മാറി മറിഞ്ഞത്. 2024ന്റെ തുടക്കത്തിലായിരുന്നു ഇയാളുടെ തലച്ചോറില്‍ ബ്രെയിന്‍ കംപ്യൂട്ടര്‍ ഇംപ്ലാന്റ് സ്ഥാപിക്കുന്നത്. ഓപ്പറേഷന് കഴിഞ്ഞതിനു ശേഷം കംപ്യൂട്ടര്‍ കഴ്സര്‍ മാറട്ടെയെന്ന് ആര്‍ബോ ചിന്തിക്കുന്നതനുസരിച്ച് അതു മാറുന്നു. ചെസ് കളിക്കാനിരിക്കുമ്പോള്‍ ഏതു കരു എങ്ങോട്ടു മാറണമെന്നു ചിന്തിക്കുന്നുവോ അങ്ങോട്ട് ആ കരുമാറുന്നു. ഇന്റര്‍നെറ്റ് ഉപയോഗവും ഇങ്ങനെ തന്നെ.
നാഡികളെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് ഇരയായി മാറിയവരെ ചികിത്സിക്കുന്നതിനും അവര്‍ക്ക് സാധ്യമാവുന്നത്ര സാധാരണ ജീവിതം ഉറപ്പുവരുത്തുന്നതിനും ചലനശേഷി പുനസ്ഥാപിക്കുന്നതിനും വേണ്ടി ഉപയോഗിക്കാവുന്ന ഇംപ്ലാന്റുകള്‍ വികസിപ്പിക്കുക എന്നതാണ് മസ്കിന്റെ ന്യൂറാലിങ്ക് എന്ന കമ്പനിയുടെ ലക്ഷ്യം. കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ മനുഷ്യരുടെ വയ്പു പല്ലുകള്‍ വായില്‍ ഉറപ്പിക്കുന്നതു പോലെ കംപ്യൂട്ടര്‍ ചിപ്പുകള്‍ തലച്ചോറുമായി ഘടിപ്പിക്കുന്നു. ഇംപ്ലാന്റ് എന്നാല്‍ മനുഷ്യശരീരത്തില്‍ കൃത്രിമമായി സ്ഥാപിക്കപ്പെടുന്ന വസ്തുവെന്നേ അര്‍ഥമുള്ളൂ. വയ്പു പല്ല് വായില്‍ സ്ഥാപിക്കുന്ന ഇംപ്ലാന്റാണ്. കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് സ്ഥാപിക്കുന്ന കൃത്രിമ കോക്ലിയ ഒരു ഇംപ്ലാന്റാണ്. അതും മസ്കിന്റെ കണ്ടെത്തലും തമ്മിലുള്ള വ്യത്യാസം ഇത് തലച്ചോറില്‍ സ്ഥാപിക്കുന്നു എന്നതാണ്. അതായത് ചിന്തിക്കുന്നു, അതു പോലെ സംഭവിക്കുന്നു എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. എന്തായാലും ആര്ബോയില് വന്ന മാറ്റം ലോകത്തിന്റെ സവിശേഷമായ ശ്രദ്ധയിലേക്കു കടന്നുവന്നിരിക്കുകയാണിപ്പോള്‍.
ചിന്തിച്ചാല്‍ മതി കാര്യം നടക്കുമെന്നേ, മസ്കിന്റെ ബ്രെയിന്‍ ചിപ്പ് ആരെയാണ് ഞെട്ടിക്കാത്തത്
