വാഷിങ്ടന്‍: വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനെ കൊന്നു കൊലവിളിക്കാന്‍ തന്നെ ഉറച്ച് ഇറങ്ങിയിരിക്കുകയാണ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. തന്റെ എക്‌സ് പ്ലാറ്റ്‌ഫോം തന്നെയാണ് എതിര്‍പ്പിന്റെ വേദിയാക്കി അദ്ദേഹം മാറ്റിയിരിക്കുന്നത്. മസ്‌കിന്റെ പ്രചാരണം ഏശുന്നതിന്റെ സൂചനകളെന്നോണം നെറ്റ്ഫ്‌ളിക്‌സിന്റെ ഓഹരിമൂല്യം താഴേക്കിറങ്ങാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ട്രംപിന്റെ അടുപ്പക്കാരനായിരുന്ന ചാര്‍ളി കിര്‍ക്ക് വെടിയേറ്റു മരിച്ച സംഭവത്തെ നെറ്റ്ഫ്‌ളിക്‌സിലെ ഡെഡ് എന്‍ഡ് പാരനോര്‍മല്‍ എന്ന സീരീസിന്റെ നടത്തിപ്പുകാരന്‍ ഹമീഷ് സ്റ്റീല്‍ പരമാര്‍ശിച്ച രീതിയെ വിമര്‍ശിച്ചായിരുന്നു മസ്‌കിന്റെ ആക്രമണത്തിന്റെ തുടക്കം.
ബ്രിട്ടീഷ് പ്രധാനമന്ത്രി കിര്‍ക്കിന് ആദരാജ്ഞലി അര്‍പ്പിച്ചപ്പോള്‍ എന്തിനാണ് നിങ്ങള്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയുന്നത്, ഒരു സാധാരണ നാസിക്കു വെടിയേല്‍ക്കുമ്പോള്‍ അതൊരു പൊതു പ്രസ്താവനയാണോ എന്നായിരുന്നു തന്റെ സീരിസില്‍ സ്റ്റീലിന്റെ ചോദ്യം. ഇത് അനുകൂലിച്ചും എതിര്‍ത്തുമുള്ള വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കിര്‍ക്കിന്റെ മരണത്തെ സ്റ്റീല്‍ കളിയാക്കുകയും അക്രമത്തെ ആഘോഷിക്കുകയും ചെയ്തുവെന്ന് പറഞ്ഞായിരുന്നു മസ്‌കിന്റെ വെടിക്കെട്ടിന്റെ തുടക്കം. ഇതിനെ വിമര്‍ശിക്കുന്നൊരു പോസ്റ്റ് തന്റെ എക്‌സ് അക്കൗണ്ടില്‍ ഷെയര്‍ ചെയ്തതായിരുന്നു മസ്‌കിന്റെ ആദ്യ വെടി. നെറ്റ്ഫ്‌ളിക്‌സ് ട്രാന്‍സ്ജന്‍ഡര്‍ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നുവെന്നായി അടുത്ത കുന്തമുന. അപ്പോഴേക്കും ഡെഡ് എന്‍ഡ് പാരനോര്‍മല്‍ എന്ന പരിപാടി മൊത്തത്തില്‍ എയറിലാകുന്ന അവസ്ഥയാണ് സൃഷ്ടിച്ചത്. ഈ ഷോയില്‍ ഒരു ട്രാന്‍സ്ജന്‍ഡറാണ് പ്രധാന വേഷത്തിലെത്തിയിരുന്നത്. ഇത് വിമര്‍ശനത്തിനു കാരണമായി. നെറ്റ്ഫ്‌ളിക്‌സിലെ തന്നെ മറ്റൊരു പരിപാടിയില്‍ രണ്ടു സ്ത്രീകഥാപാത്രങ്ങള്‍ തമ്മില്‍ ചുംബിക്കുന്ന രംഗം എന്നിവയൊക്കെ എല്‍ജിബിടിക്യുവിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന രീതിയിലായി പിന്നീട് ആരോപണം. അങ്ങനെ കിര്‍ക്ക് വധത്തെ പരാമര്‍ശിച്ചതില്‍ നിന്നാരംഭിച്ച അങ്കം നെറ്റഫ്‌ളിക്‌സിന്റെ നിലപാടുകളെ മുഴുവന്‍ എടുത്തുടക്കുന്ന അവസ്ഥയിലേക്ക് വളര്‍ന്നു. ഈ ദിശയിലുള്ള ഏറ്റവും അവസാനത്തെ നീക്കമായി ഇപ്പോഴെത്തിയിരിക്കുന്നത് ലോകമെങ്ങും കുട്ടികളെ സ്‌നേഹിക്കുന്നവര്‍ നെറ്റ്ഫ്‌ളിക്‌സ് മെംബര്‍ഷിപ്പ് ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്നിടത്താണ്. ഇതിനു കുറേയേറെ അനുകൂല പ്രതികരണം ലഭിക്കുന്നുമുണ്ട്.
നെറ്റ്ഫ്‌ളിക്‌സിനെ കൊന്നു കൊലവിളിക്കാനുറച്ച് മസ്‌ക്, പ്രചാരണം ഫലം കണ്ടുതുടങ്ങുന്നു

