വോട്ടറെ ചേര്‍ക്കാനും വെട്ടാനും ആധാര്‍, ഇ-സൈന്‍ നിര്‍ബന്ധമാക്കി ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കാനും തിരുത്താനും ഇനി ഇ-സൈനും ഓരോ അപേക്ഷകന്റെയും ആധാറിനൊപ്പം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പരും വേണം. ഇവ നിര്‍ബന്ധമാക്കിയ ഉത്തരവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. വ്യാജ അപേക്ഷകളിലൂടെ കൂട്ടത്തോടെ ആയിരക്കണക്കിനു വോട്ടുകള്‍ വെട്ടിമാറ്റി എന്ന ആരോപണം തെളിവു സഹിതം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചതിന്റെ വെളിച്ചത്തിലാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്. ഇതുവരെ ഏതെങ്കിലും ഫോണ്‍ നമ്പര്‍ നല്‍കി അതില്‍ വരുന്ന ഓടിപി ഉപയോഗിച്ച് ഏതൊരാള്‍ക്കും ഫോം ആറ്, ഫോം ഏഴ്, ഫോം എട്ട് ഉപയോഗിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടലും മൊബൈല്‍ ആപ്പും ഇതിന് അനുവാദവും നല്‍കുമായിരുന്നു. ഇതോടൊപ്പം വോട്ടര്‍ ഐഡിയിലെ എപിക് നമ്പരും ചോദിക്കുമായിരുന്നെങ്കിലും യഥാര്‍ഥ വോട്ടര്‍ തന്നെയാണോ അപേക്ഷ സമര്‍പ്പിക്കുന്നതെന്നു തിരിച്ചറിയാന്‍ മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. ആ പ്രശ്‌നമാണ് ഇതോടെ തിരുത്തപ്പെടുന്നത്. ഇനിമുതല്‍ ഇ സി നെറ്റ് എന്ന പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇ സൈനിനായി പുതിയ വിന്‍ഡോ തുറന്നു വരും. ഇ ഒപ്പ് രേഖപ്പെടുത്തുമ്പോള്‍ ആധാര്‍ നമ്പര്‍ ചോദിക്കും. അപ്പോള്‍ ആധാര്‍ നമ്പരും രേഖപ്പെടുത്തി അതേ വ്യക്തിയുടെ ആധാര്‍ തന്നെയാണെന്ന് ഉറപ്പു വരുത്തി മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കൂ. സിഡാക്ക് ആണ് ഈ സോഫ്‌റ്റ്വെയര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.