ന്യൂഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയില്‍ തീവ്ര പരിഷ്കരണം നടപ്പാക്കാന്‍ അതിവേഗ നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്പെഷന്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍-വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം) നടത്തുന്നതിന് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന തിരഞ്ഞടുപ്പ് ഓഫീസര്‍മാര്‍ക്ക് (സിഇഓ) തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി. തീവ്ര പരിഷ്കരണത്തിന്റെ സമയക്രമം പ്രഖ്യാപിക്കുന്നതാണ് അടുത്ത നടപടി. ഇതും വൈകാതെയുണ്ടാകുമെന്നു കരുതുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി ഡല്‍ഹിയില്‍ സിഇഒമാരുടെ യോഗം നടക്കുകയായിരുന്നു. അതിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ സംസ്ഥാനതല ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്നത്. അസം, തമിഴ്നാട്, കേരളം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സ്ഥലങ്ങളിലാണ് ഇനി ഉടന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. അവിടെയും എസ്ഐആര്‍ നടത്തുന്നതിനുള്ള തയാറെടുപ്പിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. ഈ സംസ്ഥാനങ്ങളിലെ സിഇഒമാരുമായി പ്രത്യേക കൂടിക്കാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയത്.

