ബ്രിസ്ബേന്‍: ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തില്‍ സംയുക്ത ദസറ, ദീപാവലി ആഘോഷം ബ്രിസ്ബേന്‍ റോക്ലിയ ഷോഗ്രൗണ്ടില്‍ നടന്നു. ബ്രിസ്ബേനിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ നീതു ഭഗോഡിയ, സെനറ്റര്‍ പോള്‍ സ്കാര്‍, എംപിമാരായ മാര്‍ഗി നൈറ്റിംഗേല്‍, ജൂലി ആന്‍ കാംപ്ബല്‍ തുടങ്ങി അനേകം പ്രശസ്ത വ്യക്തകള്‍ പരിപാടിയില്‍ സംബന്ധിച്ച് ആശംസകള്‍ നേര്‍ന്നു. ക്വീന്‍സ്ലാന്‍ഡിലെയും പരിസരങ്ങളിലെയും ഇന്ത്യന്‍ ജനതയും പ്രാദേശിക കൗണ്‍സിലര്‍മാരും പരിപാടിയില്‍ ഉടനീളം പങ്കെടുത്തു.
വിവിധ സംസ്കാരങ്ങളെ യോജിപ്പിക്കുന്ന ഓസ്ട്രേലിയയുടെ സംസ്കാരത്തിന്റെ പ്രാധാന്യം പരിപാടിയില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികള്‍ പ്രത്യേകം പ്രാധാന്യത്തോടെ സൂചിപ്പിച്ചു. ക്വീന്‍സ്ലാന്‍ഡിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും പിന്നിലുള്ള ഇന്ത്യന്‍ പ്രവാസികളുടെ സംഭാവനകളെയും എല്ലാ പ്രാസംഗികരും അനുസ്മരിച്ചു. പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികളും ഇന്ത്യയുടെ പരമ്പരാഗത നൃത്തങ്ങളും സംഗീതവുമെല്ലാം പരിപാടിക്ക് കൊഴുപ്പേകി.
ഇന്ത്യയിലെ പരമ്പരാഗത രീതിയില്‍ വലിയൊരു കോലം കത്തിച്ചാണ് ചടങ്ങുകള്‍ അവസാനിപ്പിച്ചത്. തിന്മയുടെ മേല്‍ നന്മയുടെ വിജയം സൂചിപ്പിക്കുന്നതിനാണ് ഇങ്ങനെ കോലം കത്തിക്കുന്നത്.

