കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി തന്റെ രണ്ടു കാറുകള്‍ പിടിച്ചെടുത്ത കസ്റ്റംസ് നടപടിയെ ചോദ്യം ചെയ്ത് യുവ സിനിമ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. കസ്റ്റംസ് നടപടി നിയമവിരുദ്ധമാണെന്നു കാട്ടി കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ക്കെതിരേയാണ് ഹര്‍ജി. തന്റെ വാഹനങ്ങള്‍ എത്രയും വേഗം തിരികെ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ സംസ്ഥാനത്താകെ നടത്തിയ റെയ്ഡിന്റെ ഭാഗമായി ദുല്‍ഖറിന്റെ ഒരു ലാന്‍ഡ് റോവറും ഒരു ഡിഫന്‍ഡറും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇവ കോഴിക്കോടുള്ള കസ്റ്റംസ് യാര്‍ഡിലാണിപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ഭൂട്ടാനില്‍ നിന്ന് നിയമവിരുദ്ധമായി കൊണ്ടുവന്ന വാഹനങ്ങളാണിവയെന്നാണ് കസ്റ്റംസിന്റെ വാദം. കൂടുതല്‍ വാഹനങ്ങളുടെ കാര്യത്തില്‍ സംശയമുള്ളതിനാല്‍ അതു സംബന്ധിച്ച് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കസ്റ്റംസ് നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാനത്ത് ആദ്യമായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് ദുല്‍ഖറിന്റേത്. ഹര്‍ജിയോടൊപ്പം വാഹനങ്ങളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും ദുല്‍ഖര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ രേഖകളും കസ്റ്റംസിന്റെ കണ്ടെത്തലും പരിശോധിച്ച ശേഷമായിരിക്കും കോടതി തുടര്‍ നടപടികളിലേക്കു കടക്കുക.
കാറുകള്‍ പൊക്കിയ കസ്റ്റംസിനെ കോടതിയില്‍ തൂക്കാന്‍ ദുല്‍ഖര്‍ കളത്തിലിറങ്ങി

