കൊച്ചി: മലയാളത്തിലെ മുന്‍നിര യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചിയിലെ വീട്ടില്‍ നിന്നു രണ്ടു ഭൂട്ടാന്‍ വാഹനങ്ങള്‍ കസ്റ്റംസ് കണ്ടുകെട്ടിയെങ്കിലും അതില്‍ ഒരെണ്ണം മാത്രമാണ് നടന്റെ പേരിലുള്ളത്. രണ്ടാമത്തെ വണ്ടിയുടെ ആര്‍ സി ഉടമയും നടനും തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണ് കസ്റ്റംസ്. ഒരു ഡിഫന്‍ഡറും ഒരു ലാന്‍ഡ് ക്രൂയിസറുമാണ് ദുല്‍ഖറിന്റെ വീട്ടില്‍ നിന്നു കണ്ടുകെട്ടിയത്. ഇതില്‍ ലാന്‍ഡ് ക്രൂയിസറാണ് മറ്റാരുടെയോ പേരിലുള്ളത്. ദുല്‍ഖറിന്റെ രണ്ടു വണ്ടികള്‍ക്കു പുറമെ സംസ്ഥാനത്തു നിന്ന് 36 സ്മഗിള്‍ഡ് കാറുകളാണ് അനധികൃത രജിസ്‌ട്രേഷന്‍ സഹിതം കണ്ടുകെട്ടിയിട്ടുള്ളത്. ഇവയുടെ പേരില്‍ വന്‍ നികുതി വെട്ടിപ്പു നടന്നതായ കണ്ടെത്തലിന്റെ പേരിലാണ് വ്യാപകമായ റെയ്ഡും കണ്ടുകെട്ടലും ചൊവ്വാഴ്ച നടന്നത്. കണ്ടുകെട്ടിയതെല്ലാം അനേക ലക്ഷങ്ങള്‍ വിലയുള്ള ആഡംബര വാഹനങ്ങളാണ്. കസ്റ്റംസാണ് അന്വേഷണം ആരംഭിച്ചതെങ്കിലും ഇപ്പോള്‍ ഇഡിയും ജിഎസ്ടി വകുപ്പും അന്വേഷണം അനൗപചാരികമായി തുടങ്ങിയിരിക്കുകയാണ്. കള്ളപ്പണം ഇതിനായി ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഇഡി നോക്കുമ്പോള്‍ ചരക്കുനികുതി വെട്ടിപ്പാണ് ജിഎസ്ടി വകുപ്പ് അന്വേഷിക്കുന്നത്. സര്‍വത്ര വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം വണ്ടികളുടെ രജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ നടത്തിയിരിക്കുന്നത്. ഇതിനു പിന്നിലെ റാക്കറ്റിനെയാണ് കസ്റ്റംസ് തിരയുന്നത്.
ദുല്‍ഖറിനു സ്മഗിള്‍ഡ് വണ്ടി രണ്ട്, ഒന്നുമാത്രം സ്വന്തം പേരില്‍, മറ്റേതോ

