കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാനില്‍ നിന്നു പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് തിരികെ നല്‍കി. പിടിച്ചെടുത്ത കൂടെയുള്ള ലാന്റ് റോവര്‍ വാഹനം തിരികെ വേണമെന്ന് ദുല്‍ഖര്‍ അന്നു മുതല്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ കസ്റ്റംസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതിയുമായി എത്തുകയും അവിടെ നിന്നുള്ള നിര്‍ദേശാനുസരണം വീണ്ടും കസ്റ്റംസിനെ സമീപിക്കുകയുമായിരുന്നു. നടന്‍ ആവശ്യവുമായി എത്തിയാല്‍ വാഹനം വിട്ടു നല്‍കണമെന്ന് കസ്റ്റംസിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതനുസരിച്ചാണിപ്പോള്‍ വാഹനം വിട്ടു നല്‍കിയിരിക്കുന്നത്.
എന്നാല്‍ കടുത്ത നിബന്ധനകള്‍ സഹിതമാണ് വാഹനം തിരികെ നല്‍കിയിരിക്കുന്നത്്. ദുല്‍ഖര്‍ ഇനി വാഹനത്തിന്റെ കസ്‌റ്റോഡിയന്‍ മാത്രമായിരിക്കും. അതായത് വാഹനം സ്വന്തമായും സുരക്ഷിതമായും സൂക്ഷിക്കാം. എന്നാല്‍ നിരത്തിലിറക്കാനോ ഓടിക്കാനോ സാധിക്കില്ല. ബോണ്ടിന്റെയും ഇരുപത് ശതമാനം ബാങ്ക് ഗാരന്റിയുടെയും ഉറപ്പിലാണ് നല്‍കിയിരിക്കുന്നതും. കേസ് തീരുന്നതു വരെ വാഹനം കേരളത്തിനു പുറത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല. എപ്പോള്‍ ആവശ്യപ്പെട്ടാലും അപ്പോള്‍ വാഹനം ഹാജരാക്കുകയും വേണം.
ലാന്റ് റോവര്‍ തിരികെ കിട്ടിയതോടെ നിസാന്‍ പട്രോള്‍ മാത്രമാണ് ദുല്‍ഖറിന്റേതായി ഇനി കസ്റ്റംസിന്റെ കൈവശമുള്ളൂ. മറ്റൊരു കാര്‍ കൂടി കസ്റ്റഡിയിലെടുത്തിരുന്നതിനാല്‍ ഫിറ്റ്‌സസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ കൊണ്ടുപോയിരുന്നില്ല.

