ഡ്രൈവറില്ലാത്ത ടാക്‌സികള്‍ക്കു പിന്നാലെ ട്രക്കുകള്‍ക്കും സ്വാഗതമോതാന്‍ ദുബായ്

ദുബായ്: ഡ്രൈവറില്ലാത്ത ടാക്‌സികള്‍ക്കു പുറമെ ഡ്രൈവറില്ലാത്ത ഭാരവണ്ടികള്‍ കൂടി നിരത്തിലിറക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി ദുബായ്. ഇതിനാവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ക്കുള്ള ചട്ടക്കൂടിന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപം നല്‍കി. നിരത്തുകളിലൂടെയുള്ള മനുഷ്യരുടെ സഞ്ചാരത്തിലെന്ന പോലെ ചരക്കു ഗതാഗതത്തിലും ലോകത്തിലെ ഒന്നാം സ്ഥാനത്തെത്തുക എന്നതാണ് ഇതിലൂടെ ദുബായ് ഉദ്ദേശിക്കുന്നത്. നേരത്തെ തീരുമാനിച്ചിരുന്നതു പോലെ ഇക്കൊല്ലം അവസാനത്തോടെ ദുബായിലെ നിരത്തുകളില്‍ ഡ്രൈവറില്ലാത്ത ടാക്‌സികള്‍ വരുമെന്നുറപ്പാണ്. ഇതിനായുള്ള ഒരുക്കങ്ങള്‍ അതിവേഗമാണ് മുന്നോട്ടു പോകുന്നത്. അടുത്ത വര്‍ഷത്തോടെയാണ് ഡ്രൈവറില്ലാത്ത ഭാരവണ്ടികള്‍ നിരത്തിലിറക്കാന്‍ ഉദ്ദേശിക്കുന്നത്. 2030 ആകുമ്പോഴേക്കും പൊതുഗതാഗതത്തിന്റെ നാലിലൊന്ന് ഡ്രൈവറില്ലാത്ത വാഹനങ്ങളിലൂടെയാക്കാന്‍ സാധിക്കുമെന്ന് ദുബായ് പ്രതീക്ഷിക്കുന്നു.
വേയ്‌മോ എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഈ ലക്ഷ്യം കൈവരിക്കുന്നതിന് ദുബായ് ആശ്രയിക്കുന്നത്. പ്രത്യേക തരം റഡാറുകളും സെന്‍സറുകളും ഉപയോഗിച്ച് റോഡ് സാഹചര്യം വിലയിരുത്തിയാണ് വേയ്‌മോ വാഹനങ്ങള്‍ മുന്നോട്ടു പോകുന്നത്. ഇതിന്റെ തന്നെ ആപ്പ് ഉപയോഗിച്ച് ആള്‍ക്കാര്‍ക്ക് ടാക്‌സിയില്‍ റൈഡ് ബുക്ക് ചെയ്യുന്നതിനു സാധിക്കും. ഇതിലെ ക്യാമറകള്‍ക്ക് റോഡ് 360 ഡിഗ്രിയില്‍ സ്‌കാന്‍ ചെയ്തു ഡ്രൈവിങ് സാഹചര്യം നിശ്ചയിക്കുന്നതിനു സാധിക്കുന്നു. ലിഡാര്‍ റഡാറുകള്‍ക്ക് 300 വാര അകലെവരെയുള്ള റോഡ് സാഹചര്യം വിലയിരുത്തി വാഹനം മുന്നോട്ടു നയിക്കുന്നതിനാകുന്നു. ഒരു പ്രദേശത്ത് ഡ്രൈവറില്ലാ വാഹനം സര്‍വീസ് ആരംഭിക്കുന്നതിനു മുമ്പായി വേയ്‌മോ ആ പ്രദേശത്തെ മൊത്തത്തില്‍ ഡിജിറ്റല്‍ മാപ്പുകളിലേക്കു മാറ്റിയെടുക്കും. ഇത്തരം മാപ്പുകളുടെ സഹായത്തോടെയാണ് റൈഡ്ബുക്കു ചെയ്യുന്നവരെ വാഹനവുമായി ബന്ധിപ്പിക്കുന്നത്. ഡിജിറ്റല്‍ മാപ്പ് നിശ്ചയിക്കുന്ന റൂട്ടുകളിലൂടെ സെന്‍സറുകളുടെ സഹായത്തോടെയായിരിക്കും വേയ്‌മോയുടെ വാഹനങ്ങള്‍ മുന്നോട്ടു പോകുക. അതുകൊണ്ടാണ് നിശ്ചിത നഗരങ്ങൡലെ നിശ്ചിത റൂട്ടുകളില്‍ മാത്രം പൊതുഗതാഗതത്തിന് ഇത്തരം വാഹനങ്ങളുടെ സേവനം പരിമിതപ്പെട്ടുപോകുന്നത്.