വരിക, അകത്തേക്ക് കാലു കുത്തുക, ചുമ്മാതങ്ങ് കയറിപ്പോകുക, ദുബായ് ചരിത്രമെഴുതുന്നു

ദുബായ്: ലോകത്ത് മറ്റൊരിടത്തുമില്ലാത്ത അതിനൂതന സംവിധാനവുമായി ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. വിമാനത്താവളത്തിലെത്തുന്നതു മുതല്‍ വിമാനത്തില്‍ കയറുന്നതു വരെയുള്ള കാര്യങ്ങള്‍ ഇതിലപ്പുറം എളുപ്പമാകുന്നത് ഇനി സ്വപ്‌നങ്ങളില്‍ മാത്രം. വെറും ഒരു സെക്കന്‍ഡ് സമയത്തിനുള്ളില്‍ ഒന്നിലധികം യാത്രക്കാരെ വിമാനത്താവളത്തിനുള്ളിലേക്ക് കടത്തി വിടുന്ന പ്രത്യേക ഇടനാഴിയാണ് ദുബായില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണീ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഒരു തിരിച്ചറിയല്‍ രേഖയും കാണിക്കാതെ ഒരേ സമയത്ത് പത്തു പേര്‍ക്കു വരെ ഇടനാഴിയിലൂടെ കടന്നു പോകാന്‍ സാധിക്കും.
യാത്രക്കാരന്‍ ബോര്‍ഡര്‍ ക്രോസിംഗില്‍ എത്തുമ്പോള്‍ തന്നെ പുതിയ സംവിധാനത്തിന്റെ സഹായത്തോടെ അയാളുടെ വിവരങ്ങള്‍ വിമാനത്താവളത്തിലെ ബന്ധപ്പെട്ട അധികൃതര്‍ക്കു ലഭ്യമായിരിക്കും. ഒരേ സമയത്ത് കൂടുതല്‍ ആള്‍ക്കാരെ കടത്തിവിടാന്‍ സാധിക്കുന്നതിലൂടെ എല്ലാ അനുബന്ധ നടപടികളും വളരെ വേഗത്തില്‍ പൂര്‍ത്തിയായിരിക്കും. അങ്ങനെ വിമാനത്താവളത്തിന്റെ ശേഷി ഇരട്ടിയിലധികമായി വര്‍ധിക്കും. ദുബായ് പോലെ തിരക്കേറിയ വിമാനത്താവളത്തില്‍ ഇതുവഴിയുണ്ടാകുന്ന സൗകര്യം പറഞ്ഞറിയിക്കാനാവുന്നതിലുമധികമാണ്. ലോകത്താദ്യമായാണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി വ്യക്തമാക്കി.