ദുബായ്: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലിലാരംഭിച്ച ആധുനിക സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച ‘റെഡ് കാര്‍പ്പെറ്റ്’ സംവിധാനം കൂടുതല്‍ വിപുലീകരിക്കുന്നു. അത്യന്താധുനിക ബയോമെട്രിക് തിരിച്ചറിയല്‍വിദ്യകളും നിര്‍മ്മിതബുദ്ധിയും (AI) സമ്മിശ്രണംചെയ്യുന്നതാണ് ഈ സംവിധാനം. ഇതിന് ഒരേസമയം പത്തു യാത്രക്കാരെ കൈകാര്യംചെയ്യാനുള്ള പ്രാപ്തിയുണ്ട്.
ഒരു യാത്രക്കാരന് യാതൊരു രേഖകളും കൈവശം സൂക്ഷിക്കാതെ അതിവേഗം പാസ്‌പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഈ സംവിധാനം ഒരാളെ ‘പ്രോസസ്’ ചെയ്യാനെടുക്കുന്നത് വെറും ആറുമുതല്‍ പതിനാലുവരെ
സെക്കന്‍ഡുകളാണ്. വിമാനത്താവളത്തിലെത്തുന്നവര്‍ക്കും പോകുന്നവര്‍ക്കും അതിശീഘ്രം സേവനം എത്തിക്കുന്നതിനായാണ് ദുബായ് താമസ, കുടിയേറ്റവകുപ്പ് (GDRFA) ദുബായ് എയര്‍പോര്‍ട്‌സുമായി സഹകരിച്ച് ഈ പദ്ധതി നടപ്പിലാക്കിയത്.
യാത്രക്കാര്‍ അതിവേഗ ഇടനാഴിയിലൂടെ നടന്നുപോകുമ്പോള്‍ അവരുടെ മുഖം സ്‌കാന്‍ചെയ്യുന്ന ഫേഷ്യല്‍ ഡിറ്റക്ഷന്‍ നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയാണ് രേഖകളില്ലാതെതന്നെ ഇത്ര കൃത്യമായി നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ലോകത്തെ ആദ്യത്തെ അതിവേഗ ഇമിഗ്രേഷന്‍ സംവിധാനമായി ഇത് കണക്കാക്കപ്പെടുന്നു.
വിപുലീകരിച്ച ‘ചുവപ്പു പരവതാനി’യുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം.
