ഖലിസ്ഥാനികളുയര്‍ത്തിയ അപസ്വരത്തിനിടയിലും മെല്‍ബണിലെ ഇന്ത്യന്‍ ജനതയെ കൈയിലെടുത്ത് ദില്‍ജിത്

മെല്‍ബണ്‍: വിക്ടോറിയയിലെ ഇന്ത്യന്‍ സമൂഹത്തിനാകെ ആഘോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാകേണ്ടിയിരുന്നൊരു രാവ് അപസ്വരത്തിന്റെ അവസരം കൂടിയായി മാറുന്നതാണ് ശനിയാഴ്ച കണ്ടത്. പ്രശസ്ത പഞ്ചാബി ഗായകനായ ദില്‍ജിത് ദോസാഞ്ച് തന്റെ ഓറ പര്യടനത്തിന്റെ ഭാഗമായി മെല്‍ബണിലെ ആമി പാര്‍ക്ക് സ്റ്റേഡിയത്തില്‍ സംഗീത നിശയ്ക്കായി എത്തിയപ്പോള്‍ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്താന്‍ അനുകൂല സംഘടനയുടെ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിനു മുന്നില്‍ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ് അണിനിരക്കുകയായിരുന്നു.

ദില്‍ജിതിനും പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും നേരെയായിരുന്നു ഇവര്‍ ലൗഡ് സ്പീക്കറിലൂടെ അധിക്ഷേപം വര്‍ഷിച്ചത്. ഇതുമൂലം സ്റ്റേഡിയത്തിനു പുറത്ത് അവതരിപ്പിക്കാനിരുന്ന ഫ്‌ളാഷ് മോബ് പോലെയുള്ള പരിപാടികളെല്ലാം റദ്ദാക്കി സംഗീത നിശ മാത്രമായി പരിപാടി ചുരുക്കേണ്ടി വരികയും ചെയ്തു. ഈ പരിപാടി നടത്തുന്നതിനായി തിരഞ്ഞെടുത്തത് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ അനുസ്മരണ ദിവസം തന്നെയായിരുന്നു എന്നതാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ പ്രതിഷേധത്തിനു കാരണം.

ഇതിനിടയിലും സ്റ്റേഡിയം തിങ്ങിനിറഞ്ഞ സദസിനു മുന്നില്‍ ദില്‍ജിത് ദോസാഞ്ച് സംഗീത പരിപാടി അവതരിപ്പിക്കുക തന്നെ ചെയ്തു. ആമി പാര്‍ക്ക് സ്റ്റേഡിയത്തില്‍ ആദ്യമായാണ് നിറഞ്ഞു കവിയുന്ന ഇന്ത്യന്‍ സമൂഹം ഒരു പരിപാടിക്കായി എത്തിച്ചേരുന്നത്. ആവേശത്തോടെ എത്തിയ ആരെയും അശേഷം നിരാശപ്പെടുത്താതെ ദില്‍ജിത് പരിപാടിയിലുടനീളം കാണികളെ കൈയിലെടുക്കുന്ന പ്രകടനമാണ് നടത്തിയത്. ഓറ പര്യടനത്തിലെ രണ്ടാമത്തെ വേദിയായിരുന്നു ആമി പാര്‍ക്ക് സ്റ്റേഡിയത്തിലേത്. ആദ്യ വേദി സിഡ്‌നിയിലായിരുന്നു. അവിടെയും നിറഞ്ഞു കവിഞ്ഞ സദസിനു മുന്നിലായിരുന്നു ദില്‍ജിതിന്റെ പ്രകടനം.

ഊര്‍ജം പ്രസരിക്കുന്ന പരമ്പരാഗത പഞ്ചാബി ഗാനങ്ങളും പോപ്പ് സംഗീതത്തിന്റെ മിശ്രണത്തില്‍ ചിട്ടപ്പെടുത്തിയ ട്രെന്‍ഡി ഗാനങ്ങളുമാണ് കേള്‍വിക്കാര്‍ക്കായി ദില്‍ജിത് സൂക്ഷിച്ചിരുന്നത്. അവര്‍ ഒന്നടങ്കം ആവേശത്തോടെയാണ് ഓരോ ഗാനത്തെയും സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *