കാസര്‍കോട്: ലോകമെമ്പാടുമുള്ള മികച്ച ഗവേഷകരുടെ പട്ടികയില്‍ രണ്ടാം വട്ടവും സ്ഥാനമുറപ്പിച്ച് ഡോ. സിനോഷ് സ്‌കറിയാച്ചന്‍. കാസര്‍കോട് ജില്ലയിലെ രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറായ സിനോഷ് ഈ പട്ടികയില്‍ ഇടംപിടിക്കുന്ന അമ്പതു വയസില്‍ താഴെ പ്രായമുള്ള ആദ്യ മലയാളി ഗവേഷകനാണ്. സ്്റ്റാന്‍ഫഡ്-എല്‍സിവിയര്‍ ടോപ്പ് 2% എന്ന ഈ പട്ടികയില്‍ ശാസ്ത്ര വിഷയങ്ങളിലെ ഏറ്റവും മികച്ച രണ്ടു ശതമാനം ഗവേഷകരെ കണ്ടെത്തിയാണ് ഉള്‍പ്പെടുത്തുന്നത്. അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയും എല്‍സീവിയര്‍ പബ്ലിഷിങ് ഗ്രൂപ്പും സംയുക്തമായാണ് ഈ പട്ടിക തയ്യാറാക്കുന്നത്. ഏറ്റവും മികച്ച നിലവാരത്തില്‍ ഗവേഷണം നടത്തുന്ന രണ്ടു ശതമാനം ഗവേഷകരെ കണ്ടെത്തുന്നതിനാലാണ് പട്ടികയ്ക്ക് ഈ പേരു കിട്ടിയിരിക്കുന്നത്. സിനോഷിന്റെ 145 ഗവേഷണ പ്രബന്ധങ്ങളാണ് ആഗോള തലത്തില്‍ ഏറ്റവും മികച്ച സയന്‍സ് ജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. മൈക്രോബയോളജി മേഖലയില്‍ ഇപ്പോഴും ഗവേഷണം തുടരുകയാണ് ഡോ. സിനോഷ്.
രണ്ടാം വട്ടവും രണ്ടു ശതമാനം മികച്ച ഗവേഷകരുടെ പട്ടികയില്‍ ഡോ. സിനോഷ്

