ഒരാണ്ടിലേക്ക് ഭക്ഷണം കിട്ടില്ലെങ്കിലും ക്രിസ്റ്റല്‍ ഫ്രൂഗല്‍ പറയും, ഹൂ കെയേഴ്‌സ്

യൂട്ട: പലതരം ഹോബികളുള്ളവരില്‍ നിന്നു ക്രിസ്റ്റല്‍ ഫ്രൂഗല്‍ വേറിട്ടു നില്‍ക്കുന്നത് ഭക്ഷണകാര്യത്തിലാണ്. എന്തു കഴിക്കുമെന്നതല്ല ഇവരുടെ പ്രധാന പ്രശ്‌നം. കഴിക്കാനുള്ള കാര്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതാണ്. ഇവരുടെ കുടുംബത്തിന് ഒരു വര്‍ഷത്തേക്ക് കഴിക്കാനാവശ്യമായ ഭക്ഷണം മുഴുവന്‍ വീടിന്റെ നിലവറയ്ക്കുള്ളില്‍ ടിന്നുകളിലും വായുകടക്കാത്ത പായ്ക്കറ്റുകളിലുമായി സൂക്ഷിച്ചിരിക്കുകയാണ് ഈ മുപ്പത്തേഴുകാരി. ഭര്‍ത്താവും മൂന്നു കുട്ടികലും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നതാകട്ടെ അന്ത്യദിനത്തിന്റെ റാണിയെന്നും. ഇപ്പോഴുള്ളത് ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണ ശേഖരമാണെങ്കില്‍ അത് അഞ്ചു വര്‍ഷത്തേക്കുള്ളതാക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍.
ഇതുകൊണ്ടും തീരുന്നില്ല, ഇവരുടെ ശാപ്പാടു കഥകള്‍. ഓരോ വര്‍ഷവും നാനൂറ് കിലോയോളം പഴവര്‍ഗങ്ങളും പച്ചക്കറികളും ഇവര്‍ വളര്‍ത്തിയെടുക്കുന്നുമുണ്ട്. ഉരുളക്കിഴങ്ങ്, തക്കാളി, മുളക്, ബീന്‍സ്, പീച്ച്, ആപ്പിള്‍, മത്തങ്ങയൊക്കെ ഇവരുടെ കൃഷിയിലെ മെയിന്‍ ഐറ്റങ്ങളാണ്. ഇനിയുമുണ്ട് വിശേഷങ്ങള്‍. ഇരുപത്തഞ്ച് വര്‍ഷം വരെ സൂക്ഷിച്ചു വച്ച് ഉപയോഗിക്കാവുന്ന രീതിയില്‍ സ്റ്റീക്ക്, മാക്കറോണി, ചിക്കന്‍ നഗ്ഗറ്റ്‌സ്, മത്തങ്ങ പൈ തുടങ്ങിയവയൊക്കെ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുകയാണ്.
നാലാം വയസു മുതല്‍ തനിക്ക് ഈ ശീലമാണെന്നാണ് ക്രിസ്റ്റല്‍ വെളിപ്പെടുത്തുന്നത്. അതിന്റെ മെച്ചം കോവിഡ് കാലത്ത് നന്നായി അറിഞ്ഞുവെന്നും ഇവര്‍ പറയുന്നു. ലോക്ഡൗണ്‍ വരുന്നതനുസരിച്ച് ആള്‍ക്കാര്‍ ആക്രാന്തം പിടിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ഓടി നടന്നപ്പോള്‍ ക്രിസ്റ്റല്‍ മാത്രം കൈയും കെട്ടി വീട്ടിലിരുന്നു. കാരണം വേണ്ടതില്‍ കൂടുതല്‍ സാധനങ്ങള്‍ നിലവറയിലും ഫ്രീസറിലുമായി ഇരിക്കുകയാണല്ലോ. പോരെങ്കില്‍ പറമ്പില്‍ വിളവെടുക്കാനും കുറേയധികം. തനിക്ക് ഈ ശീലം സമ്മാനിച്ചത് മുത്തശിയാണെന്ന് ഇവര്‍ അഭിമാനത്തോടെയാണ് പറയുന്നത്.