വാഷിങ്ടന്‍: കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പാതി വഴിയില്‍ അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ രണ്ടാമത്ത വലിയ വ്യാപാര പങ്കാളിയാണ് ചൈന എന്നിരിക്കെയാണ് ട്രംപിന്റെ യൂടേണ്‍ നടപടി. ഇതിനു കാരണമായി പറയപ്പെടുന്നത് ഒരു പരസ്യത്തിന്റെ പേരിലുള്ള അതൃപ്തി.
വിദേശ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിയിലെ തീരുവകളെ വിമര്‍ശിച്ചുകൊണ്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന് നടത്തിയ ഒരു പ്രസംഗത്തിലെ ഏതാനും ഭാഗങ്ങളുടെ ഓഡിയോ ഉപയോഗിച്ചുകൊണ്ട് കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ഗവണ്മെന്റ് അടുത്തയിടെ ഒരു പരസ്യം പുറത്തിറക്കിയിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. അങ്ങനെയെങ്കില്‍ ഒരു പരസ്യത്തിന്റെ പേരില്‍ രണ്ടു രാജ്യങ്ങള്‍ക്കിടയിലെ നയന്ത്ര ബന്ധങ്ങള്‍ തകരാറിലായിരിക്കുകയാണ്.
1987ലാണ് റീഗന് വിവാദമായ പ്രസംഗം നടത്തിയത്. തീരുവകള്‍ അമേരിക്കന്‍ തൊഴിലാളികളെയും ഉപഭോക്താക്കളെയും ദോഷകരമായി ബാധിക്കുമെന്നും വ്യാപാര യുദ്ധങ്ങള്‍ക്ക് കാരണമാകുമെന്നുമുള്ള ആശങ്കയാണ് റീഗന് ഈ പ്രസംഗത്തില്‍ പങ്കുവയ്ക്കുന്നത്. ഇതാണ് ഒന്റാറിയോ സര്‍ക്കാര്‍ പരസ്യത്തില്‍ ഉപയോഗിച്ചത്. എന്നാല്‍ പ്രസംഗത്തെ തെറ്റായി ചിത്രീകരിച്ചുവെന്നും ഉപയോഗിക്കാന്‍ അനുവാദം തേടിയിരുന്നില്ലെന്നും അമേരിക്കയിലെ റൊണാള്‍ഡ് റീഗന് ഫൗണ്ടേഷന് പറയുന്നു. ഈ പരസ്യം ഗുരുതരമായ പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും അതിനാല്‍ കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും ഇതോടെ അവസാിപ്പിക്കുന്നുവെന്നും സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ എഴുതിയ ശേഷമാണ് ചര്‍ച്ചകളില്‍ നിന്നു പിന്മാറിയിരിക്കുന്നത്.

