ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്കയില്‍ ഈ മാസം 22, 23 തീയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ അമേരിക്ക പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ പിന്‍മുറക്കാരായ ആഫ്രിക്കനേഴ്‌സിനോടുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് ജി20 ബഹിഷ്‌കരിക്കുന്നതിനുള്ള കാരണമായി ട്രംപ് പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷ വിഭാഗമാണ് ആഫ്രിക്കനേഴ്‌സ്. ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത്രയും നാള്‍ ഒരു അമേരിക്കന്‍ പ്രതിനിധിയും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ആഫ്രിക്കനേഴ്‌സിനെ ദക്ഷിണാഫ്രിക്കയില്‍ കൊല്ലുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നത് സാധാരണമാണെന്ന് ട്രംപ് ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു. അടുത്ത വര്‍ഷം മയാമിയില്‍ ജി20 ഉച്ചകോടി നടക്കുമ്പോള്‍ എല്ലാവരെയും നേരില്‍ കാണാമെന്നാണ് ട്രംപ് ഇതിനൊപ്പം കുറിച്ചിരുന്നത്.

