വാഷിങ്ടണ്‍: ഇന്ത്യക്കാരനായ മോട്ടല്‍ മാനേജര്‍ ഡാലസില്‍ കഴുത്തറുക്കപ്പെട്ടു കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം മുന്‍ പ്രസിഡന്‍്‌റ് ബൈഡന്റെ കുടിയേറ്റ നയത്തിനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃതമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളൊരു ക്യൂബക്കാരനാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കര്‍ണാടക സ്വദേശിയായ ചന്ദ്രമൗലി നാഗമല്ലയ്യ എന്ന അമ്പതുകാരനാണ് ഈ മാസം പത്തിന് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ അതിഹീനമായി കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനസ് അപ്പോള്‍ തന്നെ പോലീസിന്റെ പിടിയിലായിരുന്നു. 2018ല്‍ അമേരിക്കയിലേക്കു കുടിയേറിയ നാഗമല്ലയ്യ സുഹൃത്തുക്കള്‍ക്കിടയില്‍ ബോബ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇയാളുടെ മൃതദേഹ സംസ്‌കാരം ഭാര്യ നിഷയുടെയും മകന്‍ ഗൗരവിന്റെയും സാന്നിധ്യത്തില്‍ ശനിയാഴ്ച ടെക്‌സസിലെ ഫ്‌ളവര്‍ മൗണ്ടില്‍ നടക്കുകയുണ്ടായി. ഇവരുടെ കുടുംബത്തിനായി ഡാലസിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഫണ്ട് സമാഹരണം ആരംഭിച്ചു. ഇതുവരെ 321000 ഡോളര്‍ സമാഹരിക്കാനായി.
ഇയാള്‍ ഇക്കൊല്ലം ജനുവരിയില്‍ അറസ്റ്റിലായിരുന്നെങ്കിലും ഏറ്റെടുക്കാന്‍ ക്യൂബ തയാറാകാത്തതിനെ തുടര്‍ന്ന് മോചിപ്പിക്കുകയായിരുന്നുവെന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നിട്ടുണ്ട്. ഈ സംഭവത്തില്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബൈഡനെ കുറ്റപ്പെടുത്തിക്കൊണ്ട് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞതൊക്കെ കഴിഞ്ഞു, ഇനിമേല്‍ ഒരൊറ്റ ക്രിമിനലും അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കുടിയേറാന്‍ താന്‍ അനുവദിക്കില്ലെന്നും ട്രംപ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.
നാഗമല്ലയ്യയുടെ കൊലയ്ക്ക് ഉത്തരവാദിത്വം ബൈഡന്റെ കുടിയേറ്റ നയത്തിനെന്നു ട്രംപ്
