സിഡ്‌നി: ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമതൊരു ഓസ്‌ട്രേലിയന്‍ കമ്പനിക്കു നേരെയും സൈബര്‍ ആക്രമണം. ടെല്‍കോ ഡോഡോയുടെയും ഐപ്രൈമസിന്റെയും 1600 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങളാണിപ്പോള്‍ ചോര്‍ന്നിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സൈബര്‍ ആക്രമണം നടന്നതെങ്കിലും ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വിവരങ്ങള്‍ ചോര്‍ന്ന കസ്റ്റമര്‍മാരുടെ എണ്ണം ആദ്യ കണക്കുകൂട്ടലുകളില്‍ കണ്ടെത്തിയതു മാത്രമാണ്. എണ്ണം ഇതിലും ഉയരുമോയെന്ന കാര്യം ഇനിയും ഉറപ്പാക്കേണ്ടതുണ്ട്.
ഡോഡോയുടെ മുപ്പത്തിനാല് കസ്റ്റമര്‍മാരുടെയെങ്കിലും മൊബൈല്‍ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞു കയറാനും ഹാക്കര്‍മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇത്രയും സിം കാര്‍ഡുകള്‍ സ്വാപ് ചെയ്തിട്ടുമുണ്ട്. കമ്പനിയുടെ സൈബര്‍ സുരക്ഷാ വിഭാഗം നടത്തിയ ഓഡിറ്റലാണ് ഇക്കാര്യം വ്യകതമായത്. കമ്പനി നേരിട്ട് ഇത്രയും കസ്റ്റമര്‍മാരുമായി ബന്ധപ്പെടുകയും അവരുടെ സ്വാപ്പ് ചെയ്യപ്പെട്ട സിം നമ്പരുകള്‍ തിരികെ നേടിയിട്ടുമുണ്ട്. ഇമെയില്‍ മുഖേന ഹാക്കിങ് നടന്നു എന്ന ധാരണയില്‍ കമ്പനിയുടെ എല്ലാ ഇമെയിലുകളും താല്‍ക്കാലികമായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

